Representative Image| Photo: Canva.com
പുകയില കാൻസറിന് കാരണമാകുമെന്ന് സിഗരറ്റുപെട്ടികളിൽ മുന്നറിയിപ്പുണ്ട്. എന്നാൽ, കാനഡയിൽ ഇനിമുതൽ പെട്ടിയിലല്ല, ഓരോ സിഗരറ്റിലും മുന്നറിയിപ്പുണ്ടാകും. ഓരോ ശ്വാസത്തിലും വിഷം എന്നർഥം വരുന്ന ‘പോയ്സൺ ഇൻ എവരി പഫ്’ എന്നാണ് സിഗരറ്റുകളിൽ പ്രിന്റ് ചെയ്യുക. പുകവലിശീലം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കാനഡ ആരോഗ്യമന്ത്രാലയം കഴിഞ്ഞ വർഷമാണ് ഈ മാറ്റം കൊണ്ടുവന്നത്.
ഓഗസ്റ്റ് ഒന്നുമുതൽ നിയമം പ്രാബല്യത്തിലാവും. സാധാരണവലുപ്പമുള്ള സിഗരറ്റുകളിൽ ജൂലായ് 31-നുള്ളിൽ മുന്നറിയിപ്പ് പ്രിന്റ് ചെയ്യണം. ചെറിയ ചുരുട്ടുകൾ നിർമിക്കുന്ന കമ്പനികൾക്ക് 2025 ഏപ്രിൽവരെ സമയം നൽകിയിട്ടുണ്ട്. രാജ്യത്തെ പുകയില ഉപയോഗം 2035-നുള്ളിൽ അഞ്ചുശതമാനം കുറയ്ക്കുക എന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം.
ഒരുവർഷം 48,000 കാനഡക്കാരാണ് പുകയില ഉപയോഗംമൂലം മരിക്കുന്നതെന്ന് മാനസികാരോഗ്യമന്ത്രി കരോളിൽ ബെന്നെറ്റ് പറഞ്ഞു.
പുകവലി ഉപേക്ഷിക്കാൻ ചില പൊടിക്കൈകൾ
- നിക്കോട്ടിൻ ആസക്തി അധികമാവുമ്പോൾ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. സിനിമ കാണുകയോ പാട്ട് കേൾക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയിൽനിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും.
- സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാൽ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിൽ റിലീസ് ചെയ്യപ്പെടുന്ന എൻഡോർഫിനുകൾ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തിൽ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.
- പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽനിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധ പുലർത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനിൽക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകൾ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങൾ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊകക്കെ വളരെയധികം ഉപകാരപ്രദമാണ്.
- നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ വിദഗ്ധ സഹായം തേടണം. പുകവലി ഉപേക്ഷിക്കൽ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാൻ കഴിയില്ല.
Content Highlights: Poison in every puff Each cigarette in Canada to carry warning


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..