കൊച്ചി: അത്ര നിസ്സാരക്കാരനല്ല ന്യുമോണിയ എന്ന് തിരിച്ചറിവ് മലയാളിക്ക് നൽകിയത് കോവിഡ് കാലമാണ്. കോവിഡ് അനുബന്ധ മരണകാരണങ്ങളിൽ മുൻനിരയിലാണ് ന്യുമോണിയ. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നുപറയുന്നത്. അണുബാധമൂലമുള്ള മരണകാരണങ്ങളിൽ ഒന്നാമതാണ് ന്യുമോണിയ. വർഷം 25 ലക്ഷത്തോളം മരണങ്ങളാണ് സംഭവിക്കുന്നത്. 13 സെക്കൻഡിൽ ഒരാൾ ന്യുമോണിയമൂലം മരിക്കുന്നു എന്നാണ് കണക്ക്. 50 സെക്കൻഡിൽ ഒരുകുട്ടി ന്യുമോണിയബാധകൊണ്ടു മരിക്കുന്നു. ആകെ മരണങ്ങളിൽ 20 ശതമാനവും ഇന്ത്യയിലാണ്. കോവിഡും ന്യുമോണിയയും

കോവിഡ് ബാധിക്കുന്നവരിൽ കൂടുതൽ കണ്ടുവരുന്ന അനുബന്ധരോഗമാണ് ന്യുമോണിയ. കോവിഡ് രോഗികളിൽ ന്യുമോണിയ വൃക്ക, തലച്ചോറ്, ഹൃദയം തുടങ്ങിയ മറ്റ് അവയവങ്ങൾക്കും തകരാറുണ്ടാക്കും. അണുബാധ ശ്വാസകോശത്തിലുടനീളം ബാധിക്കുമ്പോൾ പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടാകും

60 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾ, ഉയർന്ന രക്തസമ്മർദം, ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, പ്രമേഹം, അമിതവണ്ണം, അർബുദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ കോവിഡിനെത്തുടർന്നുള്ള ന്യുമോണിയ ഗുരുതരമാകാൻ സാധ്യതയേറെയാണ്.

ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം

ഹൈറിസ്ക് വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ന്യുമോണിയ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കും. അവർക്ക് ന്യുമോണിയയ്ക്ക് എതിരേയുള്ള ന്യുമോ കോക്കൽ, ഇൻഫ്ളുവൻസാ വാക്‌സിനുകൾ പ്രയോജനം ചെയ്യും. നിലവിൽ വാക്സിനുകൾ ലഭ്യമാണെങ്കിലും വിലക്കൂടുതൽ കാരണം സാധാരണക്കാർക്ക് അപ്രാപ്യമാണ്.

വാക്സിനുകൾ ദേശീയ പ്രതിരോധ കുത്തിവെപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര-കേരള ആരോഗ്യമന്ത്രിമാർക്കും, ആരോഗ്യ വകുപ്പധികൃതർക്കും അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ നിവേദനം നൽകിയിട്ടുണ്ട്.

ഗൗരവം തിരിച്ചറിയണം

സ്വയംചികിത്സ ഒഴിവാക്കി, രോഗലക്ഷണങ്ങൾ കാണുമ്പോൾതന്നെ വൈദ്യസഹായം തേടണം. കൃത്യമായ പ്രതിരോധത്തിലൂടെ ന്യുമോണിയ തടയുകയാണ് ലക്ഷ്യം.

ഡോ. പി.എസ്. ഷാജഹാൻ, പ്രൊഫസർ, പൾമണറി മെഡിസിൻ, ആലപ്പുഴ മെഡിക്കൽകോളേജ്

Content Highlights: pneumonia, world pneumonia day, pneumonia symptoms, pneumonia causes, pneumonia treatment, health news malayalam