ഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയും, ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രതയും കുറവായിരിക്കുമെന്ന് പഠനം. 

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നീ മെറ്റബോളിക് അവസ്ഥകള്‍ കോവിഡ് അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കുന്ന സാമൂഹികാന്തരീക്ഷം കോവിഡ് മഹാമാരിയുടെ ആധിക്യം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ(എം.ജി.എച്ച്.) ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പഠനഫലം ഗട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പഠനത്തിന്റെ ഭാഗമായി യു.എസില്‍ നിന്നുള്ള 592571 പേരുടെയും യു.കെയില്‍ നിന്നുള്ള 242020 പേരുടെയും വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. 2020 മാര്‍ച്ച് 24 മുതല്‍ ഡിസംബര്‍ രണ്ട് വരെയുള്ള ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്. ഇക്കാലയളവില്‍ ഇവരില്‍ 31831 പേര്‍ക്ക് കോവിഡ് ബാധിച്ചു. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് വരാനുള്ള സാധ്യത ഒമ്പത് ശതമാനമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഇനി രോഗം വന്നാലും അത് തീവ്രമാകാനുള്ള സാധ്യതയും ഇവര്‍ക്ക് 41 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു. 

എന്നാല്‍, ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന്റെയും വാക്‌സിനെടുക്കുന്നതിന്റെയും പ്രാധാന്യം കുറയുന്നില്ലെന്നും ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതി കൂടി പാലിച്ചാല്‍ കോവിഡ് സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും എം.ജി.എച്ചിലെ ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ എപ്പിഡെമിയോളജി യൂണിറ്റിന്റെ മേധാവിയും ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുമായ ആന്‍ഡ്രൂ ചാന്‍ പറഞ്ഞു. 

Content Highlights: Plant based foods could lower Covid19 infection risk severity says study, Health, Food, Covid19