Representative Image| Photo: Canva.com
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചെങ്കണ്ണുണ്ടായാല്‍ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവര്‍ക്കര്‍മാരുടേയും ജെപിഎച്ച്എന്മാരുടേയും സേവനവും ലഭ്യമാണ്. ഇവര്‍ വീടുകളില്‍ പോയി മറ്റ് രോഗങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നല്കുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് ചെങ്കണ്ണ് ?
കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
Also Read
രോഗ ലക്ഷണങ്ങള്‍
കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്, കണ്പോളകളില് വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്ക്കുമ്പോള് പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.
എത്ര ദിവസം വിശ്രമിക്കണം
ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരേയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല് എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.
Content Highlights: pink eye conjunctivitis symptoms causes and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..