Representative Image| Photo: Canva.com
കണ്ണൂർ: സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിച്ച് ഒട്ടേറെപ്പേർ ആശുപത്രികളിലെത്തുന്നു. കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്.
വേഗംപടരുന്ന നേത്രരോഗമാണെങ്കിലും ശ്രദ്ധിച്ചാൽ തടയാനാകും. മറ്റുചില നേത്രരോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ സ്വയംചികിത്സ പാടില്ല.
സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. പ്രാഥമികകേന്ദ്രങ്ങളിൽ ആശാവർക്കർമാരുടെയും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരുടെയും സേവനവും ലഭ്യമാണ്. ഇവർ വീടുകൾ സന്ദർശിക്കുമ്പോൾ ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. രോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് അവബോധം നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.
Also Read
അണുബാധ രണ്ടുവിധം
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് കൻജൻക്റ്റിവൈറ്റിസ് എന്ന ചെങ്കണ്ണ് ഉണ്ടാക്കുന്നത്. അണുബാധ ബാക്ടീരിയയോ വൈറസോ മൂലമാകാം. കൂടതലും വൈറൽ കൻജൻക്റ്റിവൈറ്റിസ് ആണ് ഇപ്പോൾ കാണുന്നത്.
രോഗലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും. കൺപോളകളിൽ വീക്കവും തടിപ്പും. തുറക്കാൻപറ്റാത്തവിധം കണ്ണിൽ പീളകെട്ടുക. പ്രകാശംതട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരടുപോയതുപോലെ തോന്നൽ.
പ്രതിരോധിക്കാൻ
- കൈകൊണ്ട് കണ്ണുകൾ തൊടുന്നത് ഒഴിവാക്കുക.
- രോഗംബാധിച്ച ആളുകളുമായി ശാരീരിക അകലംപാലിക്കുക.
- കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
- രോഗി ഉപയോഗിച്ച തൂവാല, ടവൽ, സോപ്പ്, മൊബൈൽഫോൺ, പേന, പേപ്പർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
- ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗംഭേദമാകുംവരെ സ്കൂളിൽ വിടാതിരിക്കുക.
കൃത്യമായ ചികിത്സ ഉറപ്പാക്കണം. രോഗം പൂർണമായി ഭേദമാകാൻ ഏഴുമുതൽ 10 ദിവസംവരെയെടുക്കും. ഈസമയത്ത് കണ്ണിന് ആയാസം നൽകുന്ന പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണം. ടി.വി., മൊബൈൽ ഫോൺ എന്നിവ ആയാസംകൂട്ടും.
ഡോ. എസ്. ലത
കൺസൽട്ടന്റ് ഒഫ്താൽമിക് സർജൻ
ജില്ലാ ആശുപത്രി, കണ്ണൂർ.
Content Highlights: pink eye conjunctivitis causes treatment prevention
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..