പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ നാലുപേരുടെ ജീവന് അപഹരിച്ച നിപ വീണ്ടും വരാതിരിക്കാന്‍ മുന്‍കരുതലുമായി പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ സൂപ്പിക്കടയില്‍. നിപ വൈറസ് വാഹകരായ പഴംതീനി വവ്വാലുകളെ പിടികൂടി ഇവയില്‍ നിപ വൈറസ് സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് പുണെയില്‍നിന്നും ഡോ. ഗോകുലിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ഒരാഴ്ചയായി ഇവിടെ ക്യാമ്പ് ചെയ്യുന്നത്.
സൂപ്പിക്കടയ്ക്കും പന്തിരിക്കരയ്ക്കും ഇടയിലുള്ള പള്ളികുന്നില്നിന്നാണ് വവ്വാലുകളെ ശേഖരിക്കുന്നത്. പ്രത്യേകതരം വലകള്‍ വലിയ ഇരുമ്പുകാലില്‍ ഉയര്‍ത്തിവെച്ചു വലയില്‍ കുടുങ്ങുന്നവയെ മൊബൈല്‍ ലാബിലെത്തിച്ച് മയക്കി തൊണ്ടയിലെ ശ്രവങ്ങള്‍, രക്തം, മൂത്രം, കാട്ടം എന്നിവ ശേഖരിച്ചശേഷം അവിടെത്തന്നെ പറത്തിവിടുകയാണ്.
വകീട്ട് കെണികള്‍ ഒരുക്കിവെച്ച ശേഷം പിറ്റേന്നുകാലത്ത് ആറുമണിയോടെ പള്ളികാട്ടില്‍ എത്തിയാണ് സംഘം വലയില്‍ കുടുങ്ങിയ വവ്വാലുകളെ ശേഖരിക്കുന്നത്. ആദ്യദിവസം 15 എണ്ണത്തെവരെ വലയില്‍ കുടുക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് നാലും അഞ്ചും എണ്ണം മാത്രമായി.
പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ലിനി ഉള്‍പ്പെടെ കോഴിക്കോട് മലപ്പുറം ജില്ലകളിലായി 18 പേരുടെ ജീവന് അപഹരിച്ച നിപ മരണങ്ങള്‍ക്കുശേഷം ഇപ്പോള്‍ മൂന്നാംതവണയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധര്‍ ഇവിടെ നിന്നും വവ്വാലുകളെ പരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഈവര്‍ഷം മേയിലും സാമ്പിള്‍ശേഖരണം നടന്നിരുന്നു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ സമയത്ത് നിപ വൈറസിന്റെ സാന്നിധ്യം കൂടുതലാണെന്ന നിഗമനത്തിലാണ് ഈവര്‍ഷം രണ്ടാംതവണയും വവ്വാലുകളെ പിടികൂടി പരിശോധന നടത്തുന്നത്.
Content Highlights: Perambra on alert over Nipah Virus Threat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..