കൊച്ചി: സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷകള്‍ താങ്ങാവാതെ രക്തജന്യ രോഗികള്‍. ഹീമോഫീലിയ, തലസീമിയ, അരിവാള്‍ രോഗം (സിക്കിള്‍ സെല്‍) എന്നിവയ്ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ലഭിക്കാത്തത്.

ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കില്‍ ആശുപത്രിയില്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും അഡ്മിറ്റ് ചെയ്തിരിക്കണം. രക്തജന്യ രോഗം ബാധിച്ചവര്‍ക്ക് ഇതിന്റെ ആവശ്യം വരുന്നില്ല. അതിനാലാണ് സര്‍ക്കാരിന്റെ കാരുണ്യ പദ്ധതികളില്‍നിന്ന് ഇവര്‍ ഒഴിവാക്കപ്പെടുന്നത്. സംസ്ഥാനത്ത് 1,300 അരിവാള്‍ രോഗികളും 700 തലസീമിയ രോഗികളും 1,800 ഹീമോഫീലിയ രോഗികളും ഉണ്ടെന്നാണ് ഏകദേശ കണക്ക്.

തലസീമിയ ബാധിച്ചവര്‍ക്ക് മാസത്തില്‍ രണ്ട് മുതല്‍ മൂന്ന് പ്രാവശ്യം വരെ രക്തം കയറ്റേണ്ടി വരും. അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് രക്താണുവിന്റെ അളവ് കുറയുമ്പോള്‍ രക്തം കയറ്റേണ്ടതുണ്ട്. ഇതിനായി ലൂക്കോസൈറ്റ് ഫില്‍റ്റേഡ് ബ്ലഡ് ആണ് ഉപയോഗിക്കുന്നത്. വെളുത്ത രക്താണുക്കള്‍ കയറാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ഇതിന് ഒരു പ്രാവശ്യം 1,200 രൂപയാണ് ചെലവ്.

ഹീമോഫീലിയ ബാധിച്ചവര്‍ക്ക് യഥാസമയം ചികിത്സ കിട്ടാത്തപക്ഷം അംഗവൈകല്യമോ മരണമോ സംഭവിക്കാം. ഈ അവസ്ഥയിലാണ് കൃത്യമായ നിയമങ്ങള്‍ പാലിച്ചു കൊണ്ടുമാത്രമേ ചികിത്സയും പരിരക്ഷയും നല്‍കുകയുള്ളൂ എന്ന ചട്ടം രോഗികളെ വലയ്ക്കുന്നത്.

24 മണിക്കൂര്‍ ആശുപത്രി വാസമെന്ന ഉപാധിയാണ് പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നതെന്ന് ഹീമോഫീലിയ സൊസൈറ്റി കൊച്ചിന്‍ ചാപ്റ്റര്‍ സെക്രട്ടറി എ. വിനോദ് പറഞ്ഞു.

Content Highlight: patients with blood disorders