തൃശ്ശൂർ: കോവിഡിനെതിരേയുള്ള ആയുർവേദ മരുന്നിന് ശാസ്ത്രീയ അടിത്തറയില്ലാതെ പരസ്യപിന്തുണ നൽകിയ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനെതിരേ നടപടി വേണമെന്നാവശ്യം. പതഞ്ജലിയുടെ മരുന്ന് പ്രഖ്യാപന പത്രസമ്മേളനത്തിൽ ബാബ രാംദേവിനൊപ്പം പങ്കെടുത്തതിനെതിരേയാണ് വിമർശനം. അലോപ്പതി ചികിത്സയ്ക്ക് നൽകിയിട്ടുള്ള അധികാരം ഡോ. ഹർഷവർദ്ധനിൽനിന്ന് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ സ്വദേശിയും രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുമായ ഡോ. കെ.വി. ബാബുവാണ് ദേശീയ മെഡിക്കൽ കമ്മിഷന് പരാതി നൽകിയത്. മെഡിക്കൽ കമ്മിഷന്റെ സെക്രട്ടറിക്കാണ് പരാതി അയച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പത്രസമ്മേളനം നടന്നത്. ലോകാരോഗ്യസംഘടനയുടെ ഗുഡ് മാനുഫാക്ചറിങ് സർട്ടിഫിക്കറ്റോടുകൂടിയ ആദ്യത്തെ തെളിവധിഷ്ഠിത മരുന്നെന്ന നിലയിലാണ് 'കൊറോണിൽ' ടാബ്ലറ്റ് അവതരിപ്പിച്ചത്. മരുന്ന് നിർമാണത്തിന് ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ അനുമതി കിട്ടിയെന്ന് കമ്പനി അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വളരെ കുറഞ്ഞ സാംപിളുകളാണ് ഉപയോഗിച്ചതെന്നാണ് പരാതി. കണ്ടെത്തലുകൾക്കും പാർശ്വഫലങ്ങൾക്കും വേണ്ട വിശദീകരണം ലഭ്യമല്ലെന്നും പറയുന്നു.

ശാസ്ത്രീയത ഉറപ്പിക്കാത്ത മരുന്നിനെ പ്രോത്സാഹിപ്പിക്കുകവഴി ഡോ. ഹർഷവർദ്ധൻ മെഡിക്കൽ കൗൺസിൽ എത്തിക്സ് മാനദണ്ഡങ്ങൾ ലംഘിച്ചിരിക്കുകയാണെണ് ഡോ. ബാബു ചൂണ്ടിക്കാട്ടി.

Content Highlights:Patanjalis claim on Coronil files complaint against central health minister Harsh Vardhan, Health, Covid19, Corona Virus