Representative Image | Photo: Gettyimages.in
കുട്ടിക്കാലത്ത് രക്ഷിതാക്കളിൽ നിന്ന് നേരിടുന്ന പീഡനങ്ങൾ(പാരന്റൽ ഡൊമസ്റ്റിക് വയലൻസ്) ഭാവിയിൽ മാനസിക ആഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് പഠനം. ടൊറന്റോ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് നിരന്തരം പീഡനങ്ങൾക്ക് ഇരയായിട്ടുള്ളവർ ഭാവിയിൽ വിഷാദം, അമിത ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയിലേക്ക് നയിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.
ജേർണൽ ഓഫ് ഫാമിലി വയലൻസിൽ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്ന് ഗാർഹിക പീഡനം നേരിട്ടിട്ടുള്ള 22.5 ശതമാനത്തോളം പേർ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളിൽ വിഷാദരോഗത്തിലൂടെ കടന്നുപോകുന്നതായി പഠനത്തിൽ പറയുന്നു.
സോഷ്യൽ വർക്കർമാരും ആരോഗ്യ പ്രവർത്തകരും ഇത്തരം ഗാർഹിക പീഡനങ്ങളെ പ്രതിരോധിക്കാനും അവയിൽ നിന്ന് അതിജീവിച്ചവരെ പിന്തുണയ്ക്കാനും നിർബന്ധമായും പ്രവർത്തിക്കണമെന്ന് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് കോഴ്സ് എയ്ജിങ് ഡയറക്ടർ എസ്മെ ഫുള്ളർ തോംസൺ പറഞ്ഞു. പ്രായപൂർത്തിയായവരിൽ ആറിലൊന്ന് എന്ന രീതിയിൽ കുട്ടിക്കാലത്ത് രക്ഷിതാക്കളിൽ നിന്ന് പീഡനം അനുഭവിച്ചതായും അവരിലെല്ലാം പിന്നീട് മാനസിക പ്രശ്നങ്ങൾ ഉണ്ടായതായും കണ്ടെത്തി.
Also Read
മാതാപിതാക്കളുടെ പീഡനത്തിനിരയായ പല കുട്ടികളും പിന്നീട് നിരന്തരം ജാഗരൂകരാവുകയും ഉത്കണ്ഠാകുലരാവുകയും ആക്രമണത്തെക്കുറിച്ച് ഭയക്കുന്നവരാകുന്നതായും കണ്ടെത്തി. അതിനാൽ ഗാർഹിക പീഡനം നേരിടുന്നത് കുട്ടിക്കാലത്ത് ആയാൽപോലും വർഷങ്ങൾക്കിപ്പുറം മാനസിക പ്രശ്നങ്ങൾ സംഭവിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
കുട്ടിക്കാലത്ത് രക്ഷിതാക്കളുടെ പീഡനം നേരിട്ട ഇരുപത്തിയാറു ശതമാനത്തോളം പേർ ഭാവിയിൽ ലഹരിയുടെ ദുരുപയോഗത്തിലേക്ക് വഴിതിരിഞ്ഞതായും പഠനത്തിലുണ്ട്. എന്നാൽ പൂർണമായും വിപരീത ഫലങ്ങളല്ല പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം അവസ്ഥകളെ അതിജീവിച്ച അഞ്ചിൽ മൂന്നുപേർ മികച്ച മാനസിക ആരോഗ്യം പുലർത്തുന്നതായും പഠനത്തിലുണ്ട്. ഇക്കൂട്ടരിൽ സാമൂഹിക ഘടകങ്ങളുടെ പിന്തുണ പ്രധാനമാണെന്നും പഠനം പറയുന്നു.
Content Highlights: parental domestic violence, mental illness in adulthood, depression, mental health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..