Representative Image | Photo: Gettyimages.in
ഹൈദരാബാദ്: തെലങ്കാനയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്ത ടൈഫോയ്ഡ് കേസുകൾക്ക് പിന്നിൽ വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കുന്ന പാനിപൂരിയും കാരണമാണെന്ന് ആരോഗ്യപ്രവർത്തകർ. ടൈഫോയ്ഡിനെ പാനിപൂരി രോഗം എന്ന് വിളിക്കേണ്ട സാഹചര്യമാണെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിലുണ്ടാക്കുന്ന ഇത്തരം സ്ട്രീറ്റ് ഫുഡുകൾ പരമാവധി ഒഴിവാക്കണമെന്നും തെലങ്കാനയിലെ പബ്ലിക് ഹെൽത്ത് വിഭാഗം ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു വ്യക്തമാക്കി.
ടൈഫോയ്ഡിൽ നിന്നും സമാനമായ സീസണൽ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു. തെരുവോരങ്ങളിൽ നിന്ന് ലഭിക്കുന്ന പാനിപൂരി പലപ്പോഴും പത്തോ പതിനഞ്ചോ രൂപയ്ക്ക് ലഭിക്കുമായിരിക്കും, പക്ഷേ അതവസാനിക്കുന്ന അയ്യായിരമോ പതിനായിരമോ ആശുപത്രിയിൽ ചെലവഴിച്ചുകൊണ്ടായിരിക്കും- ശ്രീനിവാസ റാവു പറഞ്ഞു.
തെരുവോരങ്ങളിൽ ഭക്ഷണം വിൽക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും കുടിവെള്ളം ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ വൃത്തിയും സുരക്ഷിതത്വുവും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ഏറ്റവുമധികം പേർക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ച വർഷമാണിത്. മേയിൽ 2,700 പേർക്കും ജൂണിൽ 2,752 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ടൈഫോയ്ഡ് കൂടാതെ, മലേറിയ, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങളും സമീപകാലത്ത് കൂടുന്നുണ്ടെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിലുണ്ടാക്കുന്ന ഭക്ഷണവും ശുദ്ധമല്ലാത്ത വെള്ളവും കൊതുക് പെരുകുന്നതുമൊക്കെയാണ് അതിന് കാരണമെന്നും ശ്രീനിവാസ റാവു പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..