ന്യൂഡല്‍ഹി: കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റയുടെ ഉപവകഭേദം എ.വൈ-4.2-നെക്കുറിച്ച് വിദഗ്ധ സമിതി പഠിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ബ്രിട്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കിയ എ.വൈ-4.2 ഇന്ത്യയിലും ചില സാംപിളുകളില്‍ കണ്ടെത്തിയിരുന്നു.

പി.എം. ആയുഷ്മാന്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായി രണ്ട് കണ്ടെയ്നര്‍ മൊബൈല്‍ ആശുപത്രികള്‍ സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാതലത്തില്‍ 134 വ്യത്യസ്ത പരിശോധനകള്‍ സൗജന്യമാക്കും. കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ ചേരും.

എ.വൈ. 4.2 വിനെക്കുറിച്ച് ഐ.സി.എം.ആര്‍., നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുടെ വിദഗ്ധ സമിതി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് എവിടെ അത്യാഹിതങ്ങളും ദുരന്തങ്ങളും സംഭവിച്ചാലും തീവണ്ടിയിലോ വിമാനത്തിലോ എത്തിക്കാന്‍ കഴിയുന്ന കണ്ടെയ്‌നര്‍ ആശുപത്രികളാണ് സജ്ജമാക്കുന്നത്. ഇതില്‍ എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളുമുണ്ടാകും. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലാകും ആദ്യം ഇത് സജ്ജീകരിക്കുക. 100 കിടക്കകള്‍ വീതം ഓരോ കണ്ടെയ്‌നറിലും ഉണ്ടാകും. ഏഷ്യയില്‍ ഇത്തരം സംവിധാനം ആദ്യമാണ്.

രാജ്യത്ത് 157 മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അര്‍ബുദം, പ്രമേഹം, പ്രാഥമിക പരിശോധനകള്‍ എന്നിവയ്ക്കായി 1,50,000 ആയുഷ്മാന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Content Highlights: Panel of experts will study the Delta subspecies AY-4.2 health minister said, Health, Covid19