Representative Image| Photo: Canva.com
കോവിഡ് എന്ന മഹാമാരി പലതരത്തിലാണ് ജീവിതങ്ങളെ ബാധിച്ചത്. സാമൂഹിക ഇടപെടലുകൾ പാടേ ഇല്ലാതാക്കിയ ലോക്ക്ഡൗൺ കാലം പുതിയൊരു ജീവിതരീതി കൂടിയാണ് പഠിപ്പിച്ചത്. മൂന്നുവർഷത്തോളമായി പടർന്നു കൊണ്ടിരിക്കുന്ന കോവിഡിനു പിന്നാലെ നിരവധി അനുബന്ധരോഗങ്ങളും പിടിമുറുക്കുകയുണ്ടായി. വീട്ടകങ്ങളിൽ അടച്ചിരുന്ന കുട്ടികളിൽ പലരുടെയും രോഗപ്രതിരോധശേഷിയും കുറഞ്ഞുവന്നു. ഇപ്പോഴിതാ കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങളെയും കോവിഡ് വിപരീതമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നൊരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
സെൻട്രൽ ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മഹാമാരിക്കാലത്തെ നിയന്ത്രണങ്ങൾ കുട്ടികളുടെ പിൽക്കാലത്തെ ശാരീരിക പ്രവർത്തനങ്ങളെ എത്തരത്തിൽ ബാധിച്ചുവെന്നാണ് പഠനത്തിൽ പരിശോധിച്ചത്. മഹാമാരിക്കു മുമ്പും ശേഷവുമുള്ള മെഡിക്കൽ ഡാറ്റ ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇന്റർനാഷണൽ ജേർണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒമ്പതിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. കൊറോണയ്ക്കു മുമ്പും ശേഷവും ഈ കുട്ടികളുടെ കായിക പ്രവർത്തനങ്ങളിൽ വന്ന മാറ്റങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. കുട്ടികളുടെ മസിലുകളുടെ പ്രവർത്തനവും ശരീരം ബാലൻസ് ചെയ്യാനുള്ള ശേഷിയും നടത്തത്തിന്റെ വേഗതയുമെല്ലാം താളംതെറ്റിയെന്ന് പഠനത്തിൽ വ്യക്തമായി.
കുട്ടികളിൽ ഇക്കാലത്ത് കൊഴുപ്പ് കൂടുതൽ അടിഞ്ഞുവെന്നും അനാരോഗ്യകരമായ ജീവിതരീതി ആരംഭിച്ചുവെന്നും കണ്ടെത്തി. മഹാമാരിയെ ഭയന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കുട്ടികളുടെ ആരോഗ്യകരമായ വ്യായാമത്തെ ഇല്ലാതാക്കിയതാണ് ഇതിനെല്ലാം കാരണമെന്നും പഠനത്തിൽ പറയുന്നു.
കൊറോണാ വൈറസിനു പിന്നാലെ കുട്ടികൾക്ക് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ സ്കൂളുകളിൽ ഔട്ട്ഡോർ പ്രവർത്തികളിൽ പങ്കുകൊള്ളാനോ തുടങ്ങി ശാരീരിക പ്രവർത്തനങ്ങൾക്കൊന്നിനും കഴിഞ്ഞിരുന്നില്ല. ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാവുകയും ജീവിതരീതി മാറിയതുവഴി കൊഴുപ്പ് അടിയുകയും ചെയ്തു. - ഗവേഷകനായ ടഡാഷി ഇറ്റോ പറയുന്നു.
കായിക പ്രവർത്തനങ്ങളിലും കളികളിലും ഏർപ്പെടുന്നത് നഷ്ടമായതു വഴി ശരീരം ബാലൻസ് ചെയ്യാനുള്ള കഴിവ് പല കുട്ടികളിലും കുറഞ്ഞുവന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പലകുട്ടികളും കോവിഡ് കാലം ടി.വിക്കും മൊബൈൽ ഫോണുകൾക്കും കംപ്യൂട്ടർ സ്ക്രീനുകൾക്കും മുന്നിലായത് വ്യായാമത്തെയും മതിയായ ഉറക്കത്തെയും ബാധിച്ചു. ഇത് വണ്ണംവെക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു- ഗവേഷകർ പറയുന്നു.
Content Highlights: pandemic has hit kids ability to perform physical activities
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..