'മരണംവരെ പാലിയേറ്റീവ് നഴ്‌സായി തുടരണം'; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം


സിറാജ് കാസിം

2 min read
Read later
Print
Share

പാലിയേറ്റീവ് ക്ലിനിക്കിൽ രോഗിയെ ശുശ്രൂഷിക്കുന്ന നഴ്‌സ് സുവർണ ലേഖാധർ | ഫോട്ടോ: മാതൃഭൂമി

സിസ്റ്റർ എന്നാണ് അവരൊക്കെ എന്നെ ആദ്യം വിളിക്കാറുള്ളത്. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ആ വിളി ‘മോളേ’ എന്നാകും. ഇത്രമേൽ സ്നേഹമുള്ള മറ്റൊരു വിളിയുണ്ടോ!” സുവർണ ചോദിക്കുമ്പോൾ അകത്തെ മുറിയിൽ അവരെ ‘മോളേ’ എന്നു വിളിച്ചിരുന്ന ഒരാളുടെ മുഖത്തേക്ക് നിത്യനിദ്രയുടെ വെള്ളത്തുണി വന്നു വീഴുകയായിരുന്നു. മോളേ എന്നു വിളിച്ച് മരണത്തിലേക്ക് കടന്നുപോയ ഒരുപാടു പേരുടെ മുഖങ്ങൾ മനസ്സിൽ തെളിയുമ്പോൾ സുവർണ ലേഖാധർ ഉറപ്പിക്കുന്നു - മരണംവരെ പാലിയേറ്റീവ് നഴ്‌സായി തുടരണം.

തൊടുപുഴ സ്വദേശിയായ സുവർണ പാലിയേറ്റീവ് നഴ്‌സിങ് രംഗത്തേക്കു വന്നത് ഒരു നിയോഗം പോലെയായിരുന്നു. 2000-ത്തിൽ പാലാ എൻ.എസ്.എസ്. മെഡിക്കൽ മിഷനിൽനിന്ന് നഴ്‌സിങ് കോഴ്‌സ് പാസായ ശേഷം പത്തു വർഷത്തിലേറെ ജോലിക്ക് പോകാതെയിരുന്നു. ഇതിനിടെ കല്യാണം കഴിഞ്ഞ് ഭർത്താവ് മനോജ് കുമാറിനൊപ്പം ചെന്നൈയിൽ എത്തി. അവിടെ അപ്രതീക്ഷിതമായി പാലിയേറ്റീവ് ചികിത്സാ രംഗത്തേക്ക് എത്തുകയായിരുന്നു.

“ചെന്നൈയിൽ ആദ്യമായി സർക്കാർ മേഖലയിൽ തുടങ്ങിയ സൗജന്യ പാലിയേറ്റീവ് സേവനത്തിലേക്ക് വരുമ്പോഴാണ് മനുഷ്യന്റെ ദുരിതമുഖങ്ങൾ കണ്ടുതുടങ്ങിയത്. ചെന്നൈ രാജീവ്ഗാന്ധി മെഡിക്കൽ കോളേജിൽ തുടങ്ങിയ പാലിയേറ്റീവ് ക്ലിനിക്കിന്റെ ഭാഗമായി വീടുകളിൽ ചെന്ന് സേവനം നൽകലായിരുന്നു എന്റെ ജോലി. വീട് എന്നു പോലും പറയാനില്ലാത്ത ചെറ്റക്കുടിലുകളിലായിരുന്നു പല രോഗികളും പുഴുവരിച്ച് കിടന്നിരുന്നത്. ചിലരൊക്കെ വഴിയരികിലേക്ക്‌ ഉപേക്ഷിക്കപ്പെട്ടവരായിരുന്നു. വേദനയാലും സങ്കടത്താലും ഒരുപോലെ നീറിയ അവരെ ശുശ്രൂഷിക്കുമ്പോഴാണ് നഴ്‌സിങ് ജോലി എന്താണെന്ന് ശരിക്കും ഞാൻ മനസ്സിലാക്കുന്നത്” - സുവർണ പറഞ്ഞു.

ചെന്നൈയിൽനിന്ന് നാട്ടിൽ തിരിച്ചെത്തി എട്ടു വർഷമായി ആലുവയിലെ അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ പാലിയേറ്റീവ് നഴ്‌സായി ജോലി ചെയ്യുകയാണ് സുവർണ. വലിയ ആശുപത്രികളിലെ നഴ്‌സിങ് ജോലി വേണ്ടെന്നുവെച്ചാണ് ഇവിടെ തുടരുന്നത്. “അർബുദം പോലുള്ള രോഗങ്ങൾ മൂർച്ഛിച്ച് ജീവിതം അവസാനിക്കാറായവരാണ് ഇവിടെയെത്തുന്നത്. 12 കിടക്കകളുള്ള ഈ സെന്ററിൽ എപ്പോഴും രോഗികൾ നിറഞ്ഞിരിക്കും. എല്ലാ മാസവും പത്തിരുപത് മരണങ്ങൾക്കെങ്കിലും ഞാൻ ദൃക്സാക്ഷിയാകാറുണ്ട്. തൃക്കാക്കര സ്വദേശിയായ ഹസൻ എന്ന ബാപ്പ കുറച്ചു നേരം മുൻപാണ് മരിച്ചത് ”- സുവർണ പറഞ്ഞു.

ഭർത്താവ് മനോജ് കുമാറും മക്കളായ സിദ്ധാർഥും നന്ദനയും നൽകുന്ന നിറഞ്ഞ പിന്തുണയാണ് സുവർണയ്ക്ക് ഊർജമാകുന്നത്. “സാധാരണ ആശുപത്രിയിലെ നഴ്‌സിങ് ജോലിയാണെങ്കിൽ രോഗികളിൽ ബഹുഭൂരിഭാഗവും വിടുതൽ നേടി വീടുകളിലേക്ക് മടങ്ങുന്ന സന്തോഷം അനുഭവിക്കാം. ഇവിടെ മരണത്തിന്റെ തണുപ്പാണ് ഞങ്ങളെ പൊതിഞ്ഞുനിൽക്കുന്നത്...”

മാലാഖമാരല്ല ഞങ്ങൾ മനുഷ്യരാണ്...

ലോകം മുഴുവൻ എല്ലാ വർഷവും നഴ്‌സസ് ദിനം ആചരിക്കുമ്പോൾ മലയാളി നഴ്സുമാർക്ക് പറയാനുള്ളത് ‘ഞങ്ങൾ മാലാഖമാരല്ല മനുഷ്യരാണ്, ആ പട്ടം എടുത്തുകളഞ്ഞേക്കൂ’ എന്നാണ്. മാലാഖമാർ ഇന്ന് അതിജീവനത്തിനായി നാടുവിടുകയാണ്. 2015-നുശേഷം ഏകദേശം 88,000 നഴ്‌സുമാരാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് വഴി വിദേശത്തേക്ക് പോയിട്ടുള്ളത്. വിദേശത്തേക്ക് കടക്കാത്ത പലർക്കും പറയാനുള്ളത് നാട്ടിലെ ബുദ്ധിമുട്ടുകളാണ്. ഓരോ മേയ് 12-ഉം ഒരോർമപ്പെടുത്തലാണ്, അവരുടെ ദുരിതങ്ങളുടെ കണക്കെടുപ്പിന്റെ ദിനങ്ങൾ.

മിക്കയിടത്തും തുച്ഛമായ ശമ്പളമാണ്. കൃത്യമായി അത് ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ കാരണം ശമ്പളക്കുറവാണ്. നഴ്സുമാരും ആക്രമിക്കപ്പെടുന്നുണ്ട്. - അഫ്‌സൽ, തിരുവനന്തപുരം (പ്രൈവറ്റ് ആശുപത്രി, നഴ്‌സ്)

ആളുകളുടെ കുറവുകൊണ്ട് ജോലിഭാരം അധികമാണ്. രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പലപ്പോഴും കഴിയാറില്ല. അതുകൊണ്ടുതന്നെ ജോലിസമ്മർദം ഡ്യൂട്ടി കഴിഞ്ഞാലുമുണ്ട്. - എ. ബിന്ദു, കോഴിക്കോട് മെഡിക്കൽകോളേജ്, ഒഫ്താൽമോളജി വിഭാഗം

കോവിഡ് സമയത്ത് അലോപ്പതി നഴ്‌സുമാർക്കൊപ്പം ആയുർവേദ നഴ്‌സുമാരും ജോലിചെയ്തിരുന്നു എന്നാൽ, മതിയായ പരിഗണന കിട്ടിയോ എന്ന് സംശയമാണ്. - ആർ. മിനി, കേരള ഗവൺമെന്റ് ആയുർവേദ നഴ്‌സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ്

Content Highlights: paliative nurse shares her experience on international nurses day

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Facebook live

1 min

മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്ക് ലൈവിൽ ഡോ. അരുൺ ഉമ്മൻ; ഒക്ടോബർ 4-ന്

Oct 1, 2023


health ATM

1 min

ഈ എ.ടി.എമ്മിൽ ഷുഗറും പ്രഷറും പരിശോധിക്കാം

Jan 19, 2022


heart

1 min

റെയില്‍വേ സ്റ്റേഷനില്‍ പ്രണയപുഷ്പം  വിരിയിച്ച 'കെയറിങ് ഹാര്‍ട്ട്'

Sep 30, 2023

Most Commented