വേദനകള്‍ അനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങും സാന്ത്വനവുമാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍. വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയടങ്ങുന്ന നന്മയുടെ വലിയൊരു കൂട്ടായ്മയാണ് നമ്മുടെ സ്വാന്തന പരിചരണ വിഭാഗം. പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യവും പാലിയേറ്റീവ് പ്രവര്‍ത്തകരോട് സമൂഹത്തിനുണ്ടാകേണ്ട മനോഭാവവും ഊന്നിപ്പറയുകയാണ് തൃശ്ശൂര്‍ ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഈ സ്‌നേഹ ശാസ്ത്ര സംഗീതത്തിലൂടെ.
ഒരു കൈത്തിരിവെട്ടത്തിലൂടെ വലിയൊരു സ്വാന്തനമാണ് പാലിയേറ്റീവ് കെയര്‍ പലതരം വേദനകള്‍ അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നത്. ഇതാണ് കവിതയുടെ വിഷയവും. പൂര്‍ണമായും വിദ്യാര്‍ഥികള്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. ചെറുപ്പക്കാരെ കൂടുതലായി സ്വാന്തനപരിചരണമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ യുവാക്കളുടെ ശ്രമം. അനീഷ് മാധവിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് അഭിരാമി അനില്‍കുമാറാണ്. വീഡിയോ എഡിറ്റിങ് ജിഷാന്ത് വി പി, മറ്റ് സാങ്കേതിക സഹായങ്ങള്‍ അനഘ, ആരതി, ആനി, അമൃത, മുഹമ്മദ് ഷെബിന്‍ എം.എസ് എന്നിവരാണ്. ലോക സ്വാന്തനപരിചരണ ദിനാചരണത്തിന്റെ ഭാഗമായാണ് സ്‌നേഹ ശാസ്ത്ര സംഗീതം പുറത്തിറക്കിയത്. ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ചത് സ്റ്റാഫ് അഡ്വൈസറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ കോഴിക്കോട് മുൻ ചെയർപേഴ്സണുമായ ഡോ. സുധയാണ്.
Content Highlights: Paliative care Sneha shasthra sangeetham by Government Dental College, Thrissur