എന്തു വേദന വന്നാലും ഉടന്‍ പെയിന്‍ കില്ലറുകളില്‍ അഭയം തേടുന്നവരാണ് മിക്കയാളുകളും. വേദനയ്ക്കു പിന്നിലെ കാരണം അറിയാനോ വിദഗ്ധ പരിശോധനയ്‌ക്കോ മിനക്കെടാതെ പെയിന്‍ കില്ലര്‍ കൊണ്ട് വേദനയെ കുഴിച്ചുമൂടുന്നവര്‍. ഗര്‍ഭിണികള്‍ പോലും പെയിന്‍ കില്ലറുകളുടെ ഉപയോഗത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല. ഗര്‍ഭകാലത്ത് പെയിന്‍കില്ലറുകള്‍ കഴിക്കുന്നത് ശരിയായ പ്രവണതയല്ലെന്നുള്ള പഠനങ്ങളാണ് പുറത്തുവരുന്നത്. 

ഗര്‍ഭകാലത്ത് വേദനാസംഹാരികള്‍ കഴിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന പെണ്‍കുട്ടികളില്‍ യൗവനാരംഭം നേരത്തെയാകുമെന്നാണ് ഒരു ഗവേഷണത്തില്‍ പറയുന്നത്. ഗര്‍ഭിണിയായിരിക്കവേ പാരാസെറ്റാമോള്‍ കഴിച്ച സ്ത്രീകളുടെ പെണ്‍മക്കളില്‍ ആര്‍ത്തവ ലക്ഷണങ്ങള്‍, സ്തനങ്ങളിലെ മാറ്റം, മുഖക്കുരു, മൂഡ് സ്വിങ്, രോമവളര്‍ച്ച തുടങ്ങിയവ സാധാരണത്തേതിനേക്കാള്‍ മൂന്നുമാസം മുമ്പു സംഭവിക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

ഗര്‍ഭിണിയായി പന്ത്രണ്ട് ആഴ്ച്ചയിലധികം പാരസെറ്റാമോള്‍ കഴിക്കുന്നവരുടെ മക്കളില്‍ ഇത് അല്‍പം കൂടി നേരത്തെയാകും. 

ഒന്നരയോ മൂന്നോ മാസം മുമ്പ് ആര്‍ത്തവം സംഭവിക്കുന്നത് അത്ര പ്രാധാന്യമില്ലെങ്കിലും പാരസെറ്റാമോള്‍ ഉപയോഗവും ഇതിനെ ബാധിക്കുന്നുവെന്നത് ശ്രദ്ധയിലെടുക്കേണ്ട കാര്യമാണെന്ന് ഡെന്‍മാര്‍ക്കിലെ ആറസ് സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ സ്റ്റുഡന്റായ ആന്‍ഡ്രിയാസ് ഏണസ്റ്റ് പറയുന്നു. 

നിലവിലുള്ള ശീലത്തെ മാറ്റിയെടുക്കുക എന്നതല്ല തങ്ങളുടെ ഉദ്ദേശമെങ്കിലും ഗര്‍ഭകാലത്ത് സുരക്ഷിതവും നിരുപദ്രവകാരിയുമായ വേദനസംഹാരി എന്ന നിലയില്‍ പാരസെറ്റാമോള്‍ ഉപയോഗിക്കുന്നതിനെ വെല്ലുവിളിയായി കാണേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. 

ഒരുലക്ഷത്തോളം സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അമേരിക്കന്‍ ജേണല്‍ ഓഫ് എപിഡെമോളജിയിലാണ് പുറത്തുവന്നത്. 7697 ആണ്‍കുട്ടികളും 8125 പെണ്‍കുട്ടികളും ഉള്‍പ്പെടെ ഈ അമ്മമാരിലുണ്ടായ പതിനൊന്നു വയസ്സു മുതലുള്ള 15,822 കുട്ടികളെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഈ പ്രശ്‌നം ഉദിക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. 

നേരത്തെ യൗവനം ആരംഭിക്കുന്നത് പിന്നീട് അമിതവണ്ണം, ഡയബറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്തനാര്‍ബുദം തുടങ്ങിയഗുരുതര രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. 

അവലംബം: IANS

Content Highlights: Painkillers during pregnancy linked to early puberty