തിരുവനന്തപുരം: അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ചുള്ള പി.ജി. ഡോക്ടര്‍മാരുടെ സമരം പതിനൊന്നാം ദിവസവും ശക്തമായി തുടര്‍ന്നു. മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മുടങ്ങി. കിടത്തിച്ചികിത്സയിലുള്ള രോഗികളോട് വീട്ടിലേക്കുമടങ്ങി വേറെ ദിവസം ശസ്ത്രക്രിയയ്ക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായും പരാതിയുണ്ട്.

മിക്കയിടത്തും ഒ.പി. മാത്രമാണ് പ്രവര്‍ത്തിച്ചത്. സി.ടി.സ്‌കാന്‍, എം.ആര്‍.ഐ. ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിച്ചില്ല. സമരം തുടര്‍ന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു.

ഡിസംബര്‍ ഒന്നുമുതലാണ് ഒ.പി., വാര്‍ഡ് എന്നിവ ബഹിഷ്‌കരിച്ച് പി.ജി. ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. വരുംദിവസങ്ങളില്‍ ഹൗസ് സര്‍ജന്‍മാര്‍കൂടി സമരത്തിലേക്കുമാറുമെന്ന് സൂചനയുണ്ട്.

ചര്‍ച്ചയ്ക്കുപോലും തയ്യാറാകാത്ത നിസ്സംഗനിലപാടാണ് മന്ത്രി വീണാ ജോര്‍ജ് സ്വീകരിക്കുന്നതെന്ന് കേരള മെഡിക്കല്‍ പി.ജി. അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. കറവപ്പശുക്കളെപ്പോലെയാണ് ഡോക്ടര്‍മാരെ കാണുന്നത്. നിബന്ധനകള്‍വെച്ച് നിര്‍ബന്ധിച്ചാണ് ആദ്യം മന്ത്രി ചര്‍ച്ചയ്ക്കിരുത്തിയത്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹാജര്‍ നല്‍കില്ലെന്നും പരീക്ഷ എഴുതിക്കില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഭീഷണി ഉയര്‍ത്തുന്നതായും കെ.എം.പി.ജി.എ. നേതാക്കള്‍ പറഞ്ഞു.

നില്‍പ്പുസമരം തുടര്‍ന്ന് കെ.ജി.എം.ഒ.എ.

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണപ്രശ്‌നത്തില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിതകാല നില്‍പ്പുസമരം സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്നു. നാലാം ദിവസമായ ശനിയാഴ്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്ന സമരം.

കെ.ജി.എം.ഒ.എ. മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബി. മോഹനദാസ് ഉദ്ഘാടനം ചെയ്തു. അര്‍ഹമായ സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനും വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഞായറാഴ്ചത്തെ പ്രതിഷേധം.

Content Highlights: P.G. Doctors strike in Kerala