തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ 16 ദിവസമായി തുടരുന്ന സമരമാണ് പി.ജി. ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്.

മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആറുദിവസത്തിന് ശേഷം പി.ജി. ഡോക്ടര്‍മാര്‍ ബുധനാഴ്ച സമരം ഭാഗികമായി അവസാനിപ്പിച്ച് അത്യാഹിതവിഭാഗത്തിലും ലേബര്‍ റൂമിലും ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായ ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒ.പി., വാര്‍ഡ് ബഹിഷ്‌കരണം തുടരുകയായിരുന്നു. ഇന്നലെ രാവിലെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയത്.

നിലവില്‍ നിയമിച്ച ജൂനിയര്‍ റെസിഡന്റുമാര്‍ക്ക് പുറമേ ഈവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാന്‍ നിര്‍ദേശം നല്‍കും. ഒന്നാംവര്‍ഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.

സ്‌റ്റൈപ്പന്റ് വര്‍ധനയിലും ഉടന്‍ അനുകൂലനടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ചര്‍ച്ചയുടെ മിനുട്‌സ് പകര്‍പ്പ് ഇന്ന് അസോസിയേഷന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പി.ജി. ഡോക്ടര്‍മാര്‍ക്ക് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതലെന്നറിയാന്‍ സമിതിയെ നിയോഗിക്കുമെന്നും സംഘടനാപ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപവത്കരിക്കുമെന്നും ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കിയിരുന്നു.

നില്‍പ്പ് സമരം തുടരുന്നു

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) നടത്തുന്ന നില്‍പ്പ് സമരം വെള്ളിയാഴ്ച പത്താംദിവസത്തിലേക്ക്. വ്യാഴാഴ്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.

മുന്‍ സംസ്ഥാന എഡിറ്റര്‍ ഡോ. സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷംസുദ്ദീന്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ. മേരി ജ്യോതി വില്‍സണ്‍, ജില്ലാ സെക്രട്ടറി ഡോ. കൃഷ്ണകുമാര്‍, ഡോ. ദില്‍ജു, ഡോ. അജയ് കുമാര്‍, ഡോ. ഇബ്രാഹിം ഷിബില്‍, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. അപര്‍ണ, ഡോ. അബ്ദുല്‍ റഷീദ്, ജില്ലാ ട്രഷറര്‍ ഡോ. സായ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

വനിതാഡോക്ടറെ അപമാനിച്ചെന്നപരാതി; സെക്രട്ടേറിയറ്റ് സെക്യൂരിറ്റിയുടെപേരില്‍ കേസ്

തിരുവനന്തപുരം: കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ.) നേതാവ് ഡോ. എം. അജിത്രയെ സെക്രട്ടേറിയറ്റില്‍വെച്ച് അധിക്ഷേപിച്ചു എന്നപരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീലപരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഘടന മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. കേസെടുക്കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.

Content Highlights: P.G. Doctor's strike