തിരുവനന്തപുരം: സംസ്ഥാനത്തെ ഓക്സിജൻ ദൗർലഭ്യത്തിന് കാരണം ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ അളവിൽ ഓക്സിജൻ വിതരണം ചെയ്യാത്തത്. ആവശ്യമായ ഓക്സിജൻ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. അത് സംസ്ഥാനത്തിനുതന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാൽ നിലവിലെ ദൗർലഭ്യം തരണംചെയ്യാൻ കഴിയും.

ദ്രവീകൃത ഓക്സിജൻ നിർമിക്കുന്ന ഒരു വൻകിട പ്ലാന്റും, 11 ചെറിയ ഗ്യാസ് പ്ലാന്റുകളുമാണ്‌ സംസ്ഥാനത്തുള്ളത്. ഇതിൽ വാതകരൂപത്തിൽ ഓക്സിജൻ നിർമിക്കുന്ന ചെറുകിട കമ്പനികളുടെ ഉത്പാദനം നിലവിലെ ഉപഭോഗം നേരിടാൻ പര്യാപ്തമല്ല. പാലക്കാട് പുതുശേരിയിലെ സ്വകാര്യ കമ്പനിയിലാണ് വ്യവസായ അടിസ്ഥാനത്തിൽ ദ്രവീകൃത ഓക്സിജൻ നിർമിക്കുന്നത്. വൻതോതിൽ ഓക്സിജൻ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ശേഷി ഈ ഫാക്ടറിക്കുണ്ട്.

നിലവിലെ സാഹചര്യത്തിൽ 80 ടൺ ഓക്സിജനാണ് സംസ്ഥാനത്ത് വേണ്ടത്. കോവിഡ് വ്യാപനം വർധിച്ചാൽ പരമാവധി 120 ടൺവരെ വേണ്ടിവരും. പാലക്കാട്ടെ സ്വകാര്യ കമ്പനിയുടെ പ്രതിദിനനിർമാണ ശേഷി 150 ടണ്ണാണ്. 1000 ടൺ ഓക്സിജൻ സംഭരിക്കാനുള്ള ശേഷിയും ഈ ഫാക്ടറിക്കുണ്ട്. എന്നാൽ 40 ടണ്ണിൽ താഴെ ഓക്സിജൻ മാത്രമാണ് സംസ്ഥാനത്തെ വിതരണക്കാർക്ക് നൽകുന്നത്. ശേഷിക്കുന്ന ഓക്സിജൻ മഹാരാഷ്ട്രയിലേക്ക് അയക്കുകയാണ്. മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും ഉപഭോഗം വർധിച്ചതും ഉയർന്ന വില ലഭിക്കുന്നതുമാണ് കാരണം.

മലമ്പുഴ ഡാമിൽനിന്നുള്ള വെള്ളവും സംസ്ഥാന വൈദ്യുതി ബോർഡ് നൽകുന്ന വൈദ്യുതിയുമാണ് ദ്രവീകൃത പ്ലാന്റിന്റെ പ്രധാന അസംസ്‌കൃത വസ്തുക്കൾ. അടിയന്തര സാഹചര്യത്തിൽ സംസ്ഥാനത്തെ ഉപയോഗത്തിന് ആവശ്യമുള്ള ഓക്സിജൻ വിതരണം ചെയ്തിട്ട് ശേഷിക്കുന്നത് പുറത്തേക്ക്‌ കൊടുത്താൽ മതിയെന്ന നിർദേശം സർക്കാർതലത്തിൽ നൽകിയാൽ നിലവിലെ പ്രതിസന്ധി മറികടക്കാം. കോവിഡിന്റെ ആദ്യഘട്ട വ്യാപനത്തിനിടെ ദൗർലഭ്യം നേരിട്ടപ്പോൾ ആരോഗ്യവകുപ്പ് ഇടപെട്ട് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയിരുന്നു.

ഒരു ചികിത്സാകേന്ദ്രത്തിന് ദിവസം വേണ്ടത് 200 സിലിൻഡർ

ഒരു കോവിഡ് ചികിത്സാകേന്ദ്രത്തിന് ദിവസം 200 സിലിൻഡർവരെ ഓക്സിജൻ വേണ്ടിവരും. ചെറുകിട പ്ലാന്റുകളുടെ പ്രതിദിന നിർമാണ ശേഷി പരമാവധി 200-300 സിലിൻഡർ മാത്രമാണ്. നേരത്തേ തമിഴ്‌നാട്, ബെംഗളൂരു പ്ലാന്റുകളിൽനിന്ന്‌ ദ്രവീകൃത ഓക്സിജൻ ലഭിച്ചിരുന്നു. എന്നാൽ അവിടെയും ഉപഭോഗം വർധിച്ചതോടെ സംസ്ഥാനത്തേയ്ക്കുള്ള വിതരണം ഗണ്യമായി കുറഞ്ഞു.

കോവിഡ് വ്യാപനത്തിന് മുമ്പ് ഒരു ക്യുബിക് മീറ്റർ ഓക്സിജന് 12 രൂപയായിരുന്നു വില. ആവശ്യം വർധിച്ചപ്പോൾ അത് 17 ആയും പിന്നീട് 20 രൂപയായും ഉയർന്നു. സംസ്ഥാനത്ത് നിർമിക്കുന്ന ഓക്സിജൻ മഹാരാഷ്ട്രയിൽ എത്തിക്കുമ്പോൾ ക്യുബിക് മീറ്ററിന് വില 50 മുതൽ 80 രൂപവരെ ലഭിക്കും.

Content Highlights: Oxygen production plants are here, but its export must be regulated, Health, Covid19