ന്യൂഡൽഹി: കോവിഡ് പ്രതിരോധിക്കാൻ വിശ്വസ്ത സ്രോതസ്സിൽ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വയംചികിത്സ പാടില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ. കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ ഉൾപ്പെടുത്തിയ മരുന്നുകളാണെങ്കിൽപ്പോലും അമിത ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കും.

മുഖാവരണം ധരിക്കുക, തുടർച്ചയായ പനിയുണ്ടെങ്കിൽ പാരസിറ്റമോൾ കഴിക്കുക, ചുമയ്ക്ക് സിറപ്പ്, കൃത്യമായ ഇടവേളകളിൽ ആഹാരം, വെള്ളം, വിശ്രമം എന്നിവയാണ് വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികൾ ചെയ്യേണ്ടത്.

കോവിഡ് വാക്സിനുകളെല്ലാം പ്രതിരോധകുത്തിവെപ്പുകളാണ്. വാക്സിനെടുത്താലും കോവിഡ് ബാധിച്ചാലും വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ട്. എന്നാൽ, രോഗം തീവ്രമാകില്ലെന്നതാണ് വാക്സിൻ കൊണ്ടുള്ള ഗുണം. രോഗത്തെ അകറ്റാനുള്ള ഏറ്റവും മികച്ചമാർഗം മുഖാവരണം ധരിക്കണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ഏഴുദിവസം ക്വാറന്റീൻ

കോവിഡ് രോഗിയുമായി സമ്പർക്കത്തിലായവർ ഏഴുദിവസം കൃത്യമായി ക്വാറന്റീനിൽ പോകണമെന്നും മറ്റ് ഗുരുതര രോഗമില്ലാത്തവർ ലക്ഷണങ്ങളില്ലെങ്കിൽ പരിശോധനയ്ക്ക് വിധേയരാകേണ്ടെന്നും ഐ.സി.എം.ആർ. തലവൻ ബൽറാം ഭാർഗവ പറഞ്ഞു.

പനി, ചുമ ഉൾപ്പെടെ കോവിഡ് ലക്ഷങ്ങളുള്ളവർ, 60 പിന്നിട്ടവർ, ഗുരുതരരോഗമുള്ളവർ, അന്താരാഷ്ട്ര യാത്രക്കാർ എന്നിവർ ആർ.ടി.പി.സി.ആർ. പരിശോധിക്കണം. മറ്റ് അസുഖങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ പോകുന്ന രോഗികൾ ഡോക്ടർ നിർദേശിച്ചാൽമാത്രം കോവിഡ് പരിശോധനയ്ക്ക് വിധേയരായാൽ മതി. ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ള രോഗികൾ ആഴ്ചയിൽ ഒരിക്കൽമാത്രം കോവിഡ് പരിശോധിച്ചാൽ മതിയാകും. കോവിഡ് ചികിത്സയിൽ ഫലപ്രദമാകുമെന്നു കരുതിയ ആന്റിവൈറൽ ഗുളിക മോൾനുപിരാവിറിനെ കോവിഡ് ചികിത്സാ പ്രോട്ടോകോളിൽനിന്ന് തത്‌കാലം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മരുന്നിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളാണ് ഈ തീരുമാനത്തിനു കാരണം.

Content highlights: overuse of drugs for covid treatment in dangerous niti ayog