Photo: Pixabay
കൊല്ലം: കൊറോണ ഭീതി നിറയ്ക്കുമ്പോള്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ ടെലി കൗണ്‍സലിങ് സംവിധാനമായ 'കൂടെ'. സ്വദേശത്തും വിദേശത്തുമായുള്ള ആറായിരത്തോളം പേര്‍ക്കാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ ശൃംഖല സഹായം നല്‍കിയത്.
ഭാരതീയചികിത്സാവകുപ്പ്, കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജ് എന്നിവയുടെ സഹകരണത്തോടെ കൗണ്‍സലിങ് വിദഗ്ധരായ നൂറോളം ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനമാണ് നല്‍കുന്നത്. ബംഗ്ല, ഹിന്ദി, ഗുജറാത്ത്, മറാത്തി, തെലുങ്ക്, കന്നട, തമിഴ്, തുളു, ഇംഗ്ലീഷ് ഭാഷകളില്‍ ടെലി കൗണ്‍സലിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വീടുകളില്‍നിന്ന് അകന്നുനില്‍ക്കുന്നതുകൊണ്ടുള്ള മാനസികസമ്മര്‍ദം, ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള അനിശ്ചിതാവസ്ഥ, കൂടിയ മാനസികസമ്മര്‍ദം, അമിതമായ രോഗഭയം, കുടുംബസുരക്ഷയെപ്പറ്റിയുള്ള ആശങ്ക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഏറെപ്പേര്‍ക്കും പങ്കുവയ്ക്കാനുള്ളത്. യൂറോപ്പില്‍നിന്നും അറേബ്യന്‍ രാജ്യങ്ങളില്‍നിന്നും ഒട്ടേറെപ്പേര്‍ ദിനംപ്രതി സഹായം തേടുന്നു. 140 ആയുര്‍വേദ ഡോക്ടര്‍മാരും 80 മെഡിക്കല്‍ വിദ്യാര്‍ഥികളും കൂടെയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള സഹകരണം നല്‍കുന്നുണ്ട്.
കൊറോണ നിരീക്ഷണത്തിലുള്ളവരും ഏകാന്തവാസത്തില്‍ കഴിയുന്നവരും ലോക് ഡൗണ്‍മൂലം പലതരത്തിലുള്ള മാനസികപ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ടെലിഫോണ്‍ മുഖേനയുള്ള കൗണ്‍സലിങ്ങിന് വിധേയരാകുന്നുണ്ട്.
നിരീക്ഷണത്തിലുള്ള ആളുകളെ നേരിട്ടു വിളിച്ച് വിവരാന്വേഷണം നടത്തുകയും സംശയനിവാരണം നടത്തുകയും മാനസികപിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യും. മാനസിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് നേരിട്ടു വിളിച്ച് വിദഗ്ധരുമായി സംസാരിക്കാന്‍ അവസരം നല്‍കുന്നതാണ് കോള്‍ സെന്റര്‍ സംവിധാനം.
സേവനം ആവശ്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അതതിടങ്ങളിലെ ആയുര്‍വേദ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസറുമായോ 9745923872 എന്ന നമ്പരിലോ ബന്ധപ്പെടാം.
പൊതുജനാരോഗ്യസംഘടനകള്‍, ക്ലബ്ബുകള്‍, സാമൂഹികസംഘടനകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് കൗണ്‍സലിങ് വിദഗ്ധരുടെ സേവനം വ്യാപിപ്പിക്കാനും സംഘടന തയ്യാറെടുക്കുന്നുണ്ട്.
ഇതിനായി 9496361775, 9895736736 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Content Highlights: Overseas Tele counseling by Ayurveda Medical Association, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..