തൃശ്ശൂര്‍: കൂടിയ വിലയില്‍ മരുന്നിറക്കിയ കമ്പനികള്‍ക്കെതിരേയുള്ള ശിക്ഷാനടപടികള്‍ ഇഴയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം 5445.8 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനികള്‍ സര്‍ക്കാരിലേക്ക് പിഴയായി അടയ്ക്കാനുള്ളത്. ഇതില്‍ 4081.93 കോടി രൂപയുടെ നടപടികള്‍ കോടതിവ്യവഹാരത്തിലാണ്. ഔഷധവില നിയന്ത്രണനിയമം നടപ്പാക്കിയശേഷം മൊത്തം 6423.02 കോടി രൂപയാണ് അമിതവിലയ്ക്കുള്ള ശിക്ഷയായി ചുമത്തിയത്.
ജീവന്‍രക്ഷാമരുന്ന് പട്ടികയിലുള്‍പ്പെടുന്നവയാണ് ഔഷധവില നിയന്ത്രണനിയമത്തില്‍ വരുക. നിയന്ത്രിക്കേണ്ട രാസമൂലകങ്ങളുടെ പട്ടികയും വിലയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യും.
നിശ്ചയിക്കപ്പെടുന്ന വിലയെക്കാളധികം തുകയ്ക്ക് മരുന്നുകള്‍ വില്‍ക്കുന്നതായി കണ്ടെത്തുന്ന കമ്പനികള്‍ അധികമായി ഈടാക്കിയ തുകയും പിഴയുമടക്കമാണ് തിരിച്ചടയ്‌ക്കേണ്ടത്. വിലനിയന്ത്രണനിയമം നടപ്പാക്കിയ കാലംമുതല്‍ക്കാണ് ശിക്ഷ നടപ്പാക്കിത്തുടങ്ങിയത്. അന്നുമുതലിന്നുവരെ 2099 അമിതവിലക്കേസുകളാണ് ഉണ്ടായത്.
കമ്പനികളില്‍നിന്ന് തുക തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്കാണെന്ന ആരോപണം മുന്‍പേയുള്ളതാണ്. 2016-17 കാലയളവില്‍ മാത്രമാണ് ഇക്കാര്യത്തില്‍ മെച്ചപ്പെട്ട അവസ്ഥ. അന്ന് 302 കോടി രൂപയാണ് തിരിച്ചടപ്പിച്ചത്. ഇത്തരം നടപടികള്‍ കേസില്‍ കുരുങ്ങുന്നതും സാധാരണമായിട്ടുണ്ട്. ഓരോ കമ്പനിയുമായും ബന്ധപ്പെട്ട് ഏതൊക്കെ കേസുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുന്ന വിധത്തില്‍ പട്ടികയും ദേശീയ ഔഷധവിലനിയന്ത്രണസമിതി അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.
പിഴയടയ്ക്കാത്ത കമ്പനികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളും നടക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍നിന്ന് ജപ്തിയോ മറ്റോ വഴി തുക ഈടാക്കുന്ന ഉത്തരവാദിത്വം ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ഇത്തരത്തില്‍ 382.13 കോടി രൂപ ഈടാക്കാനുള്ള നിര്‍ദേശമാണ് നിലവില്‍ കളക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.
Content Highlights: Overpricing Pharmaceutical companies owe Rs 5,445.8 crore, Health, Medicines