ന്ത്യയിലെ 35 ലക്ഷം കുട്ടികൾക്ക് 2020 ൽ ഡി.പി.ടി.- വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചില്ലെന്ന് ലോകാരോ​ഗ്യ സംഘടന. 2019 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇത് വ്യക്തമാകുന്നത്.  മുപ്പത് ലക്ഷം കുട്ടികൾക്ക് ആദ്യ ഡോസ് മീസിൽസ് വാക്സിൻ ലഭിച്ചില്ലെന്നും  
സംഘടന വ്യക്തമാക്കി. 

ഡിഫ്ത്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോ​ഗങ്ങൾക്കെതിരെയുള്ള വാക്സിനാണ് ഡി.പി.ടി. വാക്സിൻ. 

രാജ്യത്ത് 2019 നെ അപേക്ഷിച്ച്, ഡി.പി.ടി.-1 വാക്സിൻ ലഭിക്കാത്ത കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായതെന്ന് ലോകാരോ​ഗ്യസംഘടനയും യൂണിസെഫും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 

2019 ൽ ഇന്ത്യയിൽ 1,403,000 കുട്ടികൾക്കാണ് വാക്സിൻ ലഭിക്കാതിരുന്നത്. എന്നാൽ 2020 ആയപ്പോൾ ഇത് 3,038,000 ആയി. 

ഇടത്തര വരുമാനക്കാരായ ആളുകളുള്ള വികസ്വര രാജ്യങ്ങളിലെ കുട്ടികളിൽ ഒരു വിഭാ​ഗത്തിന്  ചില വാക്സിൻ ഡോസുകൾ ലഭിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഡി.പി.ടി-3 വാക്സിൻ നൽകിയതിന്റെ നിരക്ക് 91 ശതമാനത്തിൽ നിന്നും 85 ശതമാനമായി കുറഞ്ഞുവെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. 

കോവിഡ് 19 മഹാമാരിയെത്തുടർന്നുള്ള ആരോ​ഗ്യരം​ഗത്തെ പ്രതിസന്ധിയും ലോക്ക്ഡൗണുകളും പ്രതിരോധകുത്തിവെപ്പ് യജ്ഞത്തെ ബാധിച്ചതിനെ തുടർന്ന് 2020 ൽ ലോകമെമ്പാടും 23 മില്ല്യൺ കുട്ടികൾക്ക് പൊതുവെ ലഭിക്കേണ്ട വാക്സിനുകൾ പലതും ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

പല രാജ്യങ്ങളും പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ക്ലിനിക്കുകൾ അടയ്ക്കേണ്ടതായും സമയം വെട്ടിച്ചുരുക്കേണ്ടതായും വന്നിരുന്നു. കോവിഡ് ബാധ പകരുമെന്ന ഭയവും ലോക്ക്ഡൗൺ മൂലം യാത്രാസൗകര്യങ്ങൾ നിലച്ചതും ഇതിന് കാരണമായി. 

Content Highlights: Over 30 lakh children in india missed out on first dtp 1 vaccine in 2020 WHO report, Health, Covid19