ശരീരഭാരം കുറയുക, പുറംവേദന; നിസ്സാരമായി കാണരുത് ഓസ്റ്റിയോപോറോസിസിനെ


ഡോ. എം.ഡി. ജോർജ്

Representative Image| Photo: Canva.com

എല്ലുകൾ ശോഷിക്കുകയും ദുർബലമാകുകയും ചെയ്യുന്ന രോഗമാണ് ഓസ്റ്റിയോപോറോസിസ്. ഏതു പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാവുന്ന രോഗമാണിതെങ്കിലും പ്രായമേറിയ സ്ത്രീകളെയാണ് കൂടുതലായി ഈ രോഗം ബാധിക്കുന്നത്. പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ടുവിധത്തിലുള്ള ഓസ്റ്റിയോപോറോസിസിൽ ആദ്യത്തേത് പ്രായംകൊണ്ട്‌ വന്നുചേരുന്ന രോഗാവസ്ഥയാണ്. സെക്കൻഡറി ഓസ്റ്റിയോപോറോസിസ് മറ്റു കാരണങ്ങൾകൊണ്ടോ ചില മരുന്നുകളുടെ ഉപയോഗംകൊണ്ടോ മറ്റു മെഡിക്കൽ അവസ്ഥകൾകൊണ്ടോ സംഭവിക്കുന്നതാണ്.

പതിവായി കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ലഭിക്കാവുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുക, വ്യായാമം പതിവാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഓസ്റ്റിയോപോറോസിസ് രോഗം വരുന്നതിനെ ഒരുപരിധിവരെ തടയാനാകും.

കാരണങ്ങൾ

ഓസ്റ്റിയോപോറോസിസിന് പല കാരണങ്ങളുണ്ടെങ്കിലും പ്രായമാകുന്നത് ഒരു പ്രധാന ഘടകമാണ്. നമുക്ക് പ്രായമേറുന്നതിനനുസരിച്ച് നമ്മുടെ എല്ലുകൾ ദുർബലമാകും. എളുപ്പത്തിൽ ഒടിയുന്ന അവസ്ഥയിലുമാകും. പാരമ്പര്യം, പുകവലി, അമിത മദ്യപാനം, ആവശ്യത്തിന് കാത്സ്യമോ വിറ്റാമിൻ ഡിയോ ലഭിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ രോഗം ബാധിക്കാൻ കാരണമാകും.

സീലിയാക് (Celiac) ഡിസീസ്, ക്രോൺസ് (Crohn's) ഡിസീസ്, അനോറെക്സിയ നെർവോസ, ചില കാൻസറുകൾ (സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ), ചില മരുന്നുകൾ (സ്റ്റിറോയ്ഡുകൾ, ആന്റികൺവൽസന്റ്‌സ്), തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ രോഗാവസ്ഥകളും ഓസ്റ്റിയോപോറോസിസിന് കാരണമാകുന്നു.

ലക്ഷണങ്ങൾ

ഓസ്റ്റിയോപോറോസിസ് രോഗത്തിന്റെ ലക്ഷണങ്ങൾ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് പ്രത്യക്ഷപ്പെടുക. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. അസുഖം കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ ഭാരം കുറയുക, വളയുക, പുറംവേദന, എല്ലുപൊട്ടുക (പ്രത്യേകിച്ച് നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട എന്നിവിടങ്ങളിൽ) എന്നീ ലക്ഷണങ്ങളുണ്ടായേക്കാം.

രോഗനിർണയം

രോഗനിർണയമാർഗങ്ങളിൽ പ്രധാനമാണ് സ്പെഷ്യൽ എക്സ്റേ മെഷിൻ ഉപയോഗിച്ചോ അൾട്രാസൗണ്ട് വേവ് ഉപയോഗിച്ചോ നടത്തുന്ന ബോൺ ഡെൻസിറ്റി ടെസ്റ്റ്. ശരീരത്തിലെ എല്ലുകളിലുള്ള ധാതുപദാർഥങ്ങളുടെ അളവ് കണ്ടെത്താനും അതുവഴി ഓസ്റ്റിയോപോറോസിസ് രോഗബാധയുണ്ടോ എന്നറിയാനും ഇത് സഹായിക്കുന്നു. കൂടാതെ, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി 3, എല്ലുവളർച്ചയ്ക്ക് സഹായിക്കുന്ന ഒരു എൻസൈം ആയ ആൽക്കലൈൻ ഫോസ്‌ഫേറ്റ് എന്നിവയുടെ അളവ് അറിയുന്നതിനായുള്ള രക്തപരിശോധന നടത്താം. കാത്സ്യം, മറ്റു ധാതുക്കളുടെ അളവ് അറിയുന്നതിനായി മൂത്രപരിശോധന, നട്ടെല്ല്, ഇടുപ്പ്, ചിലപ്പോൾ കൈമുട്ട് എന്നിവിടങ്ങളിൽ കുറഞ്ഞ റേഡിയേഷനുള്ള ഡുവൽ-എനർജി എക്സ്റേ അബ്‌സോർപ്‌ഷ്യോമെട്രി (ഡി.എക്സ്.എ. അല്ലെങ്കിൽ ഡി.ഇ.എക്സ്.എ.) സ്കാൻ ചെയ്യുക.

ചികിത്സ

നിശ്ചിത മരുന്നുകൾക്കുപുറമേ കാൽസ്യവും വിറ്റാമിൻ ഡിയും ലഭിക്കുന്ന ഭക്ഷണങ്ങൾ പതിവാക്കുക. മാസമുറ നിലച്ച സ്ത്രീകളാണെങ്കിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി ഓസ്റ്റിയോപോറോസിസിന്റെ അപകടസാധ്യത കുറയ്ക്കും.

കുടുംബപാരമ്പര്യവും ജനിതകഘടകങ്ങളും നമ്മുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലും നമ്മുടെ ജീവിതശൈലീക്രമീകരണത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും ഓസ്റ്റിയോപോറോസിസിനെ നിയന്ത്രിക്കാൻ സാധിക്കും. നടത്തം, ഓട്ടം, പടികയറ്റം, ടെന്നിസ്, നൃത്തം തുടങ്ങിയ വ്യായാമങ്ങളും എല്ലുകളെ ശക്തിപ്പെടുത്തുകയും പേശികളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും.

ശ്രദ്ധ ഭക്ഷണത്തിലൂടെ

കാത്സ്യവും വിറ്റാമിൻ ഡിയും അധികമായുള്ള പാൽ, തൈര്, വെണ്ണ, പച്ച ഇലകൾ, ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ്, സോയാബീൻ, ഭക്ഷ്യയോഗ്യമായ കൂൺ, മത്സ്യം, മാംസം, അണ്ടിപ്പരിപ്പ്, ബദാം, ഉറുമാമ്പഴം, ഇത്തപ്പഴം എന്നിവ കൂടുതലായി കഴിക്കുക.

തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റും ഓർത്തോപീഡിക് സർജനുമാണ് ലേഖകൻ

Content Highlights: osteoporosis symptoms and causes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented