കോഴിക്കോട്: കോവിഡിന്റ തീവ്രസാഹചര്യത്തിലും കോവിഡിതര ഗുരുതര അസ്ഥിരോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ ഐ.സി.യു. വിഭാഗം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത ഐ.സി.യു. വാര്‍ഡില്‍ മൂന്നിലധികം പരിക്കുകളുള്ളവര്‍ക്കും (പോളിട്രോമ രോഗികള്‍), നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഐ.സി.യു. പരിചരണം ആവശ്യമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരിട്ട് ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും ഒരേപോലെ ഇവിടെ പരിചരണം നല്‍കുന്നു.

വിശാലമായ ഓര്‍ത്തോ ഐ.സി.യു.

മാസത്തില്‍ നൂറ് വീതം, ഒരു വര്‍ഷത്തിനിടെ ആയിരത്തോളം ഗുരുതര രോഗമുള്ളവരെ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചികിത്സിച്ചു. ലോക്ഡൗണ്‍ കാലത്തും ഓര്‍ത്തോ ഐ.സി.യു.വില്‍ മുടക്കമില്ലാതെ കോവിഡിതര രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കി. കോവിഡില്‍ മറ്റ് ഐ.സി.യു.കള്‍ അടച്ചപ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാക്കി. കേരളത്തില്‍ മറ്റൊരു മെഡിക്കല്‍ കോളേജിലും ഇത്രയും സൗകര്യങ്ങളുള്ള വിശാലമായ ഓര്‍ത്തോ ഐ.സി.യു. ഇല്ലെന്നും ഓര്‍ത്തോ വിഭാഗം അധികൃതര്‍ പറഞ്ഞു.

ആധുനിക സൗകര്യങ്ങള്‍

എം.പി. വീരേന്ദ്രകുമാര്‍ എം.പി.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 1.65 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച ഐ.സി.യു.വില്‍ 20 നവീന രീതിയിലുള്ള ബെഡുകള്‍, പൂര്‍ണമായും ആവരണം ചെയ്ത ഓക്‌സിജന്‍ വിതരണ സംവിധാനം, രോഗിയുടെ പള്‍സ്, രക്തസമ്മര്‍ദം അറിയാനുള്ള 10 മള്‍ട്ടി പാരാമോണിറ്ററുകള്‍, ഇന്‍വെര്‍ട്ടര്‍, രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്ന അടിയന്തരഘട്ടത്തില്‍ ഷോക്ക് നല്‍കി വീണ്ടും പ്രവര്‍ത്തിക്കുന്ന യന്ത്രമായ ഡീഫിബ്രിലേറ്റര്‍, കേന്ദ്രീകൃത എയര്‍കണ്ടീഷന്‍ എന്നീ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നു. പരിശോധനാമുറി, ഡ്യൂട്ടി റൂം, വികലാംഗര്‍ക്ക് ഉപയോഗിക്കാന്‍ പ്രത്യേക സൗകര്യമുള്ള ബാത്ത് റൂമുകള്‍, ബാത്ത് റൂമിനകത്ത് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളെ കുളിപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. എം.പി. വീരേന്ദ്രകുമാറിന്റെ എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഓര്‍ത്തോ ഐ.സി.യു.വിന്റെ താഴത്തെ നിലയിലെ മെഡിസിന്‍ ഐ.സി.യു.വും മുകളിലെ സര്‍ജറി സെമിനാര്‍ ഹാളും അവസാനഘട്ടത്തിലാണ്
 
Content Highlights: Ortho department in kozhikode medical college