കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അവയവദാനത്തില്‍ ഇടിവ്. ആദ്യ തരംഗം ഉണ്ടായ 2020-ല്‍ മരണാനന്തര അവയവദാനം കൂടിയിരുന്നു. 2020-ല്‍ 21 പേരില്‍ നിന്നായി 70 അവയവങ്ങളാണ് ദാനം ചെയ്തത്. 2021-ല്‍ 17 പേരില്‍നിന്നായി 49 പേര്‍ക്കാണ് അവയവങ്ങള്‍ ലഭിച്ചത്.

നാല് ഹൃദയം, 14 കരള്‍, 29 വൃക്ക, രണ്ട് കൈകള്‍ എന്നിവയാണ് ദാനം ചെയ്തത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഐ.സി.യു. ബെഡ്ഡുകള്‍ ലഭിക്കാതെയായതാണ് മരണാനന്തര അവയവദാനത്തെ ബാധിച്ചതെന്നാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി അധികൃതര്‍ പറയുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനും അവയവദാനത്തിന് അംഗീകാരം ലഭിക്കാനുമൊക്കെ സമയം വേണം. ഇത്രയും ദിവസങ്ങള്‍ ഐ.സി.യു. ബെഡ്ഡുകള്‍ ലഭിക്കണം.

കൂടെ ശസ്ത്രക്രിയയ്ക്ക് അടക്കമുള്ള സാഹചര്യം ആശുപത്രിയിലുണ്ടാകണം. ഓഗസ്റ്റിനു ശേഷമാണ് ബെഡ്ഡുകള്‍ ലഭിച്ചു തുടങ്ങിയത്.

മൃതസഞ്ജീവനിയെ സൊസൈറ്റിയാക്കുക എന്ന ആവശ്യം പുതുവര്‍ഷത്തില്‍ സാക്ഷാത്കരിക്കപ്പെട്ടു. ഇതിന്റെ ഗവേണിങ് ബോഡി ഉടനെ വിളിക്കും. ഇതിലാകും നടപടിക്രമങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുക. നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാര്യങ്ങള്‍ നടക്കാന്‍ ഏറെ സമയം വേണം. ഗവേണിങ് ബോഡിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉള്ളതിനാല്‍ തീരുമാനം എളുപ്പം എടുക്കാന്‍ സാധിക്കും. ഇത് അവയവദാനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Content highlights: organ transplantation decreased in kerala, covid second wave