കാക്കനാട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയകള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കുകള്‍ ഒന്നുമില്ലെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ 46 ആശുപത്രികളിലാണ് അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ അംഗീകാരമുള്ളത്. ഇതില്‍ ഗവ. മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ ഏഴ് സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ തലത്തിലുള്ളത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നതിന്റെ പല മടങ്ങ് അവയമാറ്റ ശസ്ത്രക്രിയകള്‍ സ്വകാര്യ ആശുപത്രികളില്‍ നടക്കുമ്പോഴും ഇതു സംബന്ധിച്ച് കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. 10 വര്‍ഷത്തിനിടെ പ്രധാനപ്പെട്ട നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി നടന്നത് 707 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ഏഴ് ഹൃദയമാറ്റവും ഒരു കരള്‍മാറ്റവുമായിരുന്നു.

കോഴിക്കോട്ട് 455-ഉം ആലപ്പുഴയില്‍ 15-ഉം വൃക്ക മാറ്റിവെച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ 139 വൃക്കയും ഏഴ് ഹൃദയവും തിരുവനന്തപുരത്ത് 98 വൃക്കയും ഒരു കരള്‍ മാറ്റവുമാണ് നടന്നത്. മൃതസഞ്ജീവനി പദ്ധതിയില്‍ 368 വൃക്കമാറ്റ ശസ്ത്രക്രിയയും 261 കരള്‍മാറ്റവും 58 ഹൃദയ ശസ്ത്രക്രിയയും നടന്നിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്കാണ് ഈ വിവരങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍നിന്നു നല്‍കിയത്.

Content highlights: organ transplantation data, kerala goverment about private hospitals