കുത്തിവെപ്പിനെ പേടിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. വിഴുങ്ങാവുന്ന കുത്തിവെപ്പിന് സാങ്കേതികവിദ്യ ഒരുങ്ങുന്നു. ഇതിന്റെ ആദ്യരൂപം മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ചു.  ഗുളികരൂപത്തിലുള്ള ഈ ഇന്‍ജെക്ഷന്‍ ഉപകരണം വിഴുങ്ങിയാല്‍ അത് ആമാശയത്തിന്റെ ഭിത്തിയില്‍  കൃത്യസ്ഥാനത്ത് മരുന്ന് കുത്തിവെക്കും. മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ശ്രമത്തിനുപിന്നില്‍.

പയറുമണിയുടെ അത്ര വലുപ്പമുള്ള ക്യാപ്സ്യൂളിനുള്ളില്‍ അടക്കം ചെയ്താണ് മരുന്ന് നല്‍കുന്നത്. ദഹനവ്യവസ്ഥയിലെ രാസവസ്തുക്കളുമായി എളുപ്പം പ്രവര്‍ത്തിച്ച് നശിക്കുന്ന ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണുകള്‍ ഗുളികരൂപത്തില്‍ കഴിക്കാന്‍ ഉപകരണം ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ. ആമാശയത്തിലെത്തിയാല്‍ കുത്തിവെപ്പെടുക്കാന്‍ സൂചി ശരിയായ ദിശയില്‍ വരണം. ഇതിനായി ആഫ്രിക്കയില്‍ കാണുന്ന 'ലിയോപാഡ് ആമ'യുടെ ആകൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉപകരണം നിര്‍മിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഏതുരീതിയില്‍ ഇട്ടാലും നേരെവരുമെന്നതാണ് ഈ ആമയുടെ പ്രത്യേകത.

ദഹിക്കുന്ന കുത്തിവെപ്പിലൂടെ ആമാശയത്തിനകത്ത് ഇന്‍സുലിന്‍ ആഗികരണംചെയ്യുമ്പോള്‍ മറ്റു ദോഷങ്ങളുണ്ടാകരുതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഗിയോവന്നി ട്രവേഴ്‌സോ പറഞ്ഞു. ആമാശയത്തിലെ പേശികള്‍ക്ക് കനംകൂടുതലുള്ളതിനാല്‍ ചെറിയ കുത്തിവെപ്പുകൊണ്ട് പേടിക്കാനില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മൂര്‍ച്ചയേറിയ അഗ്രത്തോടുകൂടി ഖരരൂപത്തിലാക്കിയ ഇന്‍സുലിന്‍ ഉപയോഗിച്ചാണ് സൂക്ഷ്മമായ സൂചി ഇതില്‍ വികസിപ്പിച്ചിരിക്കുന്നത്. പഞ്ചസാരയുടെ പരലില്‍ ചെറിയ സ്പ്രിങ് ഘടിപ്പിച്ചാണ് കുത്തിവെപ്പിനായി ഊര്‍ജം പകരുന്നത്. ആമാശയത്തിലെ ആസിഡുകളുടെ പ്രവര്‍ത്തനത്താല്‍ ഈ ഡിസ്‌ക് ലയിച്ചില്ലാതാകുമ്പോള്‍ സ്പ്രിങ് വലിഞ്ഞ് സൂചിയെ മുന്നോട്ടുതള്ളും. ഇത് ആമാശയഭിത്തിയില്‍ തറയ്ക്കുന്നതോടെ പ്രവര്‍ത്തനം പൂര്‍ത്തിയാകും.

പന്നികളിലായിരുന്നു പരീക്ഷണം. അവയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ കുത്തിവെപ്പിനുശേഷമുള്ള അതേയളവില്‍ കുറഞ്ഞുവെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇന്‍സുലിന്‍ ആഗിരണം പൂര്‍ത്തിയായാല്‍ ഉപകരണത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ വിസര്‍ജ്യത്തിലൂടെ പുറത്തുപോകും.

രാവിലെ ആഹാരത്തിനുമുമ്പുമാത്രമേ ഇത് ഉപയോഗിക്കാനാവൂ എന്ന പോരായ്മയുണ്ട്. അല്ലെങ്കില്‍ പ്രവര്‍ത്തനം ശരിയാകില്ല. പരീക്ഷണത്തില്‍ മൃഗങ്ങളില്‍ പാര്‍ശ്വഫലങ്ങളുണ്ടായില്ലെന്നും പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Oral insulin capsule developed to replace injections