തൃശ്ശൂർ: ലോകത്ത് ഒരുവർഷം എട്ടുലക്ഷം ആളുകൾ സ്വയം ജീവനൊടുക്കുന്നു. ഇന്ത്യയുടെ പങ്ക് 25,000 ആണെങ്കിൽ കേരളത്തിലിത് എണ്ണായിരമാണ്. വികാരപരമായ മാനസിക സന്തുലനം നിലനിർത്താൻ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. സംസ്ഥാനത്തെ ആത്മഹത്യാനിരക്ക് ഗണ്യമായി കുറയ്ക്കുകയെന്ന സർക്കാർ ലക്ഷ്യത്തോട് ചേരുകയാണ് ‘സ്‌പോട്ട്’ എന്ന ഓൺലൈൻ പരിശീലനം.
ആത്മഹത്യാപ്രവണതയുള്ളവരെ കണ്ടെത്തി അവർക്ക് മാനസിക പിന്തുണ നൽകാൻ കഴിയുന്നവരായി പരിശീലനാർത്ഥികളെ മാറ്റും. മാനസിക വേദന, നിരാശ, സമ്മർദങ്ങൾ എന്നിവയെപ്പറ്റി തുറന്നുസംസാരിക്കാനും സഹായം തേടാനും സാധിച്ചിരുന്നെങ്കിൽ പല ആത്മഹത്യകളും തടയാൻ കഴിയുമായിരുന്നു. കേരളത്തിൽ നിലവിൽ ഒരുലക്ഷത്തിന് 24.9 ആണ് ആത്മഹത്യാനിരക്ക്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമനുസരിച്ച് നിരക്ക് 16 ആക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
സർക്കാർ ജീവനക്കാരെ പങ്കാളികളാക്കണം
ലോകാരോഗ്യസംഘടന താത്‌പര്യത്തോടെ വീക്ഷിക്കുന്നതാണ് പദ്ധതിയുടെ കേരളത്തിലെ പ്രവർത്തനം. ഒരുദിവസം അവധി നൽകിയാൽപോലും സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് പരിശീലനത്തിന് അവസരം കൊടുക്കണം. സാധിച്ചാൽ ലോകത്തിനുതന്നെ മാതൃകയാകുന്ന ഫലമായിരിക്കുമുണ്ടാകുക.
-ഡോ. മനോജ് കുമാർ തേറയിൽ,
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
എന്താണ് സ്‌പോട്ട്
*സൂയിസൈഡ് പ്രിവൻഷൻ ഓൺലൈൻ ട്രെയിനിങ് എന്നതിന്റെ ചുരുക്കപ്പേര്.
*തൃശ്ശൂരിലെ ഇൻമൈൻഡ് ഇൻസ്റ്റിറ്റ്യൂട്ടും കേംബ്രിഡ്ജ് സർവകലാശാലയും ചേർന്നാണ് നടത്തിപ്പ്.
*നാലുമുതൽ ഏഴുമണിക്കൂറിനുള്ളിൽ കോഴ്‌സ് പൂർത്തിയാക്കാനാകും.
*പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.
*പ്രൊഫ. ടിൻ വാൻ ബോർട്ടെൽ, ഡോ. മനോജ് കുമാർ തേറയിൽ എന്നിവർക്കാണ് നേതൃത്വം.
ആർക്കൊക്കെ പങ്കാളികളാകാം
*എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാം
*സമൂഹത്തിൽ വലിയ ഇടപെടൽ സാധ്യതയുള്ള അധ്യാപകർ, പോലീസുകാർ, സാമൂഹിക പ്രവർത്തകർ, ആശ വർക്കർമാർ, വിദ്യാർഥികൾ തുടങ്ങിയവർ ഏറ്റവും അനുയോജ്യം.
*മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കുടുംബാംഗമാണെങ്കിൽ അത്യുത്തമം.
*മദ്യശാലകളിലെ ജീവനക്കാരാണെങ്കിൽ അതും കൂടുതൽ പ്രയോജനകരമാകും
Content Highlights: online training to prevent suicide