കൊച്ചി: കോവിഡ് മുക്തരായശേഷം ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയെന്നു പഠനം. ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റായ ഡോ. പത്മനാഭ ഷേണായിയാണ് പഠനഫലം പുറത്തുവിട്ടത്.

കൊച്ചിയിലെ കെയര്‍ ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മുമ്പ് കോവിഡ് ബാധിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലുണ്ടാകുന്ന പ്രതിരോധശേഷിയെ ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നാണു വിളിക്കുന്നത്. 

വാക്‌സിനിലൂടെ ലഭിക്കുന്നതും രോഗം വന്ന് ഭേദമാകുന്നതോടെ ലഭിക്കുന്നതുമായ പ്രതിരോധശേഷിയെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഹൈബ്രിഡ് ഇമ്യൂണിറ്റിയെന്ന് ഡോ. ഷേണായി പറഞ്ഞു. രോഗം വരാതെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെക്കാളും രോഗബാധയിലൂടെ ആര്‍ജിത പ്രതിരോധം ലഭിച്ചവരെക്കാളും 30 ഇരട്ടി പ്രതിരോധശേഷി ഹൈബ്രിഡ് ഇമ്യൂണിറ്റിയുള്ളവര്‍ക്കുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. കോവിഡ് ബാധിച്ചവരോ വാക്‌സിന്‍ എടുത്തവരോ ആയ 1500 ഓട്ടോ ഇമ്യൂണ്‍ റൂമാറ്റിക് രോഗികളിലാണ് പഠനം നടത്തിയത്.

ഒറ്റ ഡോസ് വാക്‌സിനിലൂടെത്തന്നെ ശരീരത്തിന് വൈറസിനെ കീഴടക്കാനുള്ള ശേഷി ലഭിക്കും. ഇത് കൂടുതല്‍കാലം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗാണുക്കളോടു പൊരുതുന്ന ആന്റിബോഡികളുടെ സാന്നിധ്യം 20 ആണെങ്കില്‍ രോഗം ബാധിച്ച് ആര്‍ജിത പ്രതിരോധമുണ്ടായവരില്‍ ഇത് 87 ആണ്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇതിന്റെ അളവ് 322 ആയിരിക്കും. രോഗം ബാധിച്ചശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ആന്റിബോഡി സാന്നിധ്യം 11,144 ആയിരിക്കുമെന്നാണ് പഠനം തെളിയിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം ആളുകളില്‍ രണ്ടാം ഡോസിന്റെ ആവശ്യമുണ്ടാകുന്നില്ല. മൂന്നുകോടിയോളം വാക്‌സിന്‍ ഡോസുകള്‍ ഇതിലൂടെ ലാഭിക്കാമെന്നും ഡോ. ഷേണായി പറയുന്നു.

Content Highlights: One vaccine dose is sufficient for immunity in COVID survivors, Health