കൊച്ചി: പല രാജ്യങ്ങളിലും 'ഒമിക്രോണ്‍' സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ തദ്ദേശ സമിതികളുടെ കീഴില്‍ വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമാക്കും. ജാഗ്രതാ സമിതികള്‍ വഴി രോഗബാധിതരെ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. വാര്‍ഡുതല സമിതികള്‍ ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

ഇപ്പോള്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. അതേസമയം, 'റിസ്‌ക് രാജ്യ'ങ്ങളില്‍ നിന്നുള്ളവരില്‍ നെഗറ്റീവാകുന്നവരെ 'ഹോം ക്വാറന്റീനി'ലേക്കാണ് മാറ്റുന്നത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡുതല സമിതികള്‍ ഉറപ്പാക്കും.

പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിന്‍ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കും. ഇതിനായി '108' ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

നെഗറ്റീവായവര്‍ക്ക് അവരുടെ വാഹനത്തില്‍ വീടുകളില്‍ ക്വാറന്റീനിലേക്ക് പോകാം. ആ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. യാത്രക്കാര്‍ പിറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം വരാതിരിക്കാന്‍ പ്ലാസ്റ്റിക്കുംമറ്റും ഉപയോഗിച്ച് തിരിച്ചിരിക്കണം.

ക്വാറന്റീന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

ക്വാറന്റീനിലുള്ളവര്‍ വീട്ടില്‍ പ്രത്യേകം ടോയ്ലറ്റ് സൗകര്യമുള്ള മുറിയില്‍ കഴിയണം. ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം പരിശോധന നടത്തണം. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ പോസിറ്റീവായാല്‍ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കും. നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷിക്കണം.
പ്രതിരോധ പ്രവര്‍ത്തനത്തിന് ആളില്ല

പ്രതിരോധ പ്രവര്‍ത്തനത്തിന് ആളില്ല

പല ജില്ലകളിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 തന്നെയാണ്. എന്നാല്‍, 'കോവിഡ് ബ്രിഗേഡ്' സേവനം അവസാനിപ്പിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ആളില്ലാതായി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡുമാരുടെ സേവനം സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. 9000-ലധികം കോവിഡ് ബ്രിഗേഡുമാരെ പിരിച്ചുവിടുകയും ചെയ്തു. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ ബ്രിഗേഡിലുണ്ടായിരുന്നു. ഇവര്‍ക്ക് ഇന്‍സെന്റ്റീവ് അടക്കം വലിയ തുക നല്‍കാനുമുണ്ട്.

Content Highlights: Omikron- the ward level committee for monitoring is tightening again