തിരുവനന്തപുരം: രാജ്യത്തെ പത്തിലൊന്ന് ഒമിക്രോണ്‍ രോഗികള്‍ കേരളത്തില്‍. രാജ്യത്ത് തിങ്കളാഴ്ചവരെ 578 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 എണ്ണവും കേരളത്തിലാണ്. ന്യൂഡല്‍ഹിയിലും (142) മഹാരാഷ്ട്രയിലും (141) മാത്രമാണ് കേരളത്തേക്കാള്‍ കൂടുതല്‍ രോഗികളുള്ളത്.

സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഈ മാസം 12-നാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേസുകള്‍ 57-ലേക്ക് ഉയര്‍ന്നു. ഇതില്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത മൂന്നു കേസുകള്‍ സമ്പര്‍ക്കത്തിലൂടെ പടര്‍ന്നതാണെന്നതും ഗൗരവമുള്ളതാണ്.

സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വൈറസിന്റെ ജനിതകപഠനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ജനിതകപഠനം നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു.

കേന്ദ്രസംഘം എത്തി

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമുള്ള വിദഗ്ധസംഘം തിരുവനന്തപുരത്തെത്തി. ന്യൂഡല്‍ഹിയില്‍നിന്നുള്ള ഡോ. ശുഭാ ഗാര്‍ഗ്, ഡോ. പല്ലവി, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സയന്റിസ്റ്റായ ഡോ. എ.പി. സുഗുണന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ആരോഗ്യവിഭാഗം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വാക്‌സിനേഷന്‍ മന്ദഗതിയില്‍ ആയതിനെക്കുറിച്ചും ആരാഞ്ഞു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. 30-ന് മടങ്ങുന്നതിന് മുന്‍പായി പാലക്കാട്, തൃശ്ശൂര്‍ ജില്ലകളും സന്ദര്‍ശിച്ച് ആരോഗ്യമേഖലയില്‍ ഉള്ളവരുമായി കൂടിക്കാഴ്ച നടത്തും.

Content highlights: omicrone one tenth of omicrone cases reported in kerala