കൊച്ചി: ഒന്നര മാസത്തിനുള്ളിൽ കേരളത്തിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധർ. ഒന്നര മാസത്തിനുള്ളിൽ ദിവസവും 25,000-ത്തിന്‌ മുകളിൽ കേസുകൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.

കൂടിയ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് മാത്രമല്ല ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റീൻ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവർക്കും രോഗംപകരാൻ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ സാധിക്കാത്ത കേസുകളും ഉണ്ട്.

രോഗബാധിതരായി എത്തുന്നവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താൻ പല കേസുകളിലും സാധിച്ചിട്ടില്ല. ഇവർ സമൂഹത്തിൽ ഇറങ്ങിനടന്ന് രോഗവ്യാപനം കൂട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വന്നുപോയവർക്കും രോഗം വരാം. ചില കേസുകളിൽ പ്രതിരോധശേഷിയെയും മറികടന്ന് രോഗം ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നതും നിർണായകമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രോഗത്തിന് വലിയ തീവ്രതയില്ലെന്നത് വസ്തുതയാണ്. എന്നാൽ, കേസുകൾ ഇരട്ടിയിലധികം കൂടിയാൽ ചികിത്സാരംഗത്ത് പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

പ്രതിരോധ മുറകൾ കർശനമാക്കിയില്ലെങ്കിൽ രോഗവ്യാപനം സങ്കീർണമാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. പദ്‌മനാഭ ഷേണായ് പറഞ്ഞു.

Content Highlights: omicron warning, omicron cases in india, omicron latest news