ദുബായ്: ചിലയിടങ്ങളിൽ കോവിഡ് വകഭേദം ഒമിക്രോൺ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ യു.എ.ഇ., ഒമാൻ എന്നീരാജ്യങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി.

ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലെസൂത്തു, ഇസ്വാതിനി, സിംബാബ്‌വേ, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് താത്‌കാലിക വിലക്ക്. യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്, ഒമാൻ സുപ്രീം കമ്മിറ്റി എന്നിവയാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ. യിൽ നവംബർ 29-ന് തീരുമാനം പ്രാബല്യത്തിലാകും.

14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങൾ സന്ദർശിച്ചവർക്കും യു.എ.ഇ.യിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം യു.എ.ഇയിലേക്ക് വരാം. യു.എ.ഇ. പൗരൻമാർ, നയതന്ത്ര പ്രതിനിധികൾ, യു.എ.ഇ. ഗോൾഡൻ വിസയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. ഇവർ യാത്രയ്ക്ക്‌ 48 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് ഫലം കരുതണം. വിമാനത്താവളത്തിൽ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റീനിൽ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പി.സി.ആർ. പരിശോധന നടത്തുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യു.എ.ഇ. നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. യു.എ.ഇ. പൗരന്മാർ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികൾ, അടിയന്തര മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്ക് ഇളവുണ്ട്.

ഒമാനിൽ പ്രവാസികൾക്ക് ഇളവ്

മസ്കറ്റ്: ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഒമാനിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്കിൽ പ്രവാസികൾക്കും ആരോഗ്യമേഖലാ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇളവ് നൽകും. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. എന്നാൽ ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണം.

അതേസമയം 14 ദിവസത്തിനിടെ വിലക്കേർപ്പെടുത്തിയ ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചവർക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകില്ല. നവംബർ 28 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

ഒമാൻ സ്വദേശികൾ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുംവിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽനിന്നുള്ളവരും ഒമാനിൽ സാധുതയുള്ള താമസ വിസയുള്ളവരുമായ പ്രവാസികൾ എന്നിവരെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ രാജ്യത്ത് പ്രവേശിച്ച ഉടനെ പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാകണം. ശേഷം ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും പൂർത്തിയാക്കണം. ഇതിന്റെ ആറാം ദിവസവും വീണ്ടും കോവിഡ് പരിശോധന നടത്തണം. പുതിയ സാഹചര്യത്തിൽ സൗദി അറേബ്യ, ബഹ്‌റൈൻ രാജ്യങ്ങളും ആഫ്രിക്കയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Content highlights: omicron restrictions in uae and oman covid 19 variant