ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ലോകമെങ്ങും ആശങ്ക ഉയര്‍ത്തുന്നതിനിടെ ശനിയാഴ്ച അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വൈറസിന്റെ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികളും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയവും ചര്‍ച്ചയായി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നല്‍കിയ ഇളവുകളും പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു.

ആഗോളതലത്തിലുണ്ടായ കോവിഡ് വ്യാപന രീതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഒമിക്രോണിന്റെ പ്രത്യേകതകള്‍, സ്വഭാവം എന്നിവയും വിവിധ രാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളും വിലയിരുത്തിയ യോഗം ഇന്ത്യയിലുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

രാജ്യാന്തര വിമാനങ്ങള്‍, പ്രത്യേകിച്ച് പ്രശ്‌നരാജ്യങ്ങളില്‍ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ എന്നിവര്‍ പങ്കെടുത്തു.കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യയില്‍ ദുരിതം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെയടക്കം മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യു.എസ്., യൂറോപ്യന്‍ യൂണിയന്‍, യു.കെ., കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെത്തിയാല്‍ആര്‍.ടി.പി.സി.ആര്‍., ക്വാറന്റീന്‍

പത്തനംതിട്ട: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധനയും ഏഴുദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

പുതിയ വകഭേദം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും കേന്ദ്ര നിര്‍ദേശപ്രകാരം അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ മറികടക്കാന്‍ കഴിവുള്ളതാണോ പുതിയ വകഭേദം എന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Content highlights: omicron new covid 19 varient india increased vigilance and precautionary measures against omicron