ന്യൂഡൽഹി: നേരിയ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഒമിക്രോണിനെ നിസ്സാരവത്കരിച്ചാൽ കാത്തിരിക്കുന്നത് ദുരന്തമായിരിക്കുമെന്ന് ആരോഗ്യവിദഗ്‌ധർ. ആളുകളുടെ പ്രതിരോധശേഷി നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ കോവിഡ് വകഭേദം.

ജനുവരി ആദ്യവാരം ഏഴായിരത്തിൽ താഴെയുണ്ടായിരുന്ന പ്രതിദിന കോവിഡ് ബാധ ഏഴുദിവസംകൊണ്ട് ഒരുലക്ഷം കടന്നത് അതിതീവ്രവ്യാപനമാണ് വ്യക്തമാക്കുന്നതെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുരുതര രോഗബാധിതർ, 60 പിന്നിട്ട അനുബന്ധ രോഗമുള്ളവർ എന്നിവരിലേക്ക് രോഗമെത്തുന്നത് സ്ഥിതി വഷളാക്കും.

ബാധിക്കുന്നത് ശ്വസനപഥത്തിന്റെ ആദ്യ ഭാഗത്തെ

ശ്വസനപഥത്തിലെ ആദ്യ ഭാഗത്തെയാണ് (ശ്വാസകോശം ഒഴികെയുള്ള ഭാഗം) ഒമിക്രോൺ വകഭേദം ബാധിക്കുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

രോഗലക്ഷണങ്ങൾ നേരിയതാകാനും രോഗവ്യാപനം അധികമാകാനും ഇതാണു കാരണം.

തീവ്രതകുറഞ്ഞ പനി

പനി, ശരീരവേദന, തലവേദന, ക്ഷീണം, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് ഇതുവരെ ഒമിക്രോൺ രോഗികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് എയിംസിലെ ട്രോമ സെന്റർ തലവൻ അഞ്ജൻ ത്രിക പറഞ്ഞു. രോഗിയുടെ പ്രതിരോധശേഷി അനുസരിച്ച് 72 മണിക്കൂർ മുതൽ 14 ദിവസംവരെ രോഗബാധ നീളാം. രോഗബാധിതരിൽ 90 ശതമാനവും രണ്ടുഡോസ് വാക്സിനും സ്വീകരിച്ചവരായതും രോഗതീവ്രത കുറയാൻ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡെൽറ്റ വകഭേദം ശ്വസനപഥത്തിലെ രണ്ടാം ഭാഗമായ ശ്വാസകോശത്തെയാണ് ബാധിച്ചിരുന്നത്. അതിനാലാണ് മണവും രുചിയും നഷ്ടപ്പെടുന്നതും ന്യുമോണിയ അടക്കമുള്ള രോഗങ്ങളുമുണ്ടാകുന്നതും.

3000 പിന്നിട്ട് രോഗബാധിതർ

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 3007-ലെത്തി. 1999 പേർ രോഗമുക്തിനേടി. മഹാരാഷ്ട്രയിലാണ് (876) കൂടുതൽ രോഗികൾ. ഡൽഹി (465), കർണാടകം (333), രാജസ്ഥാൻ (291), കേരളം (284), തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളധികവും.

Content highlights: omicron is not trivial and caution should be exercised