ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഒമിക്രോണി'ന്റെ സ്‌പൈക് പ്രോട്ടീന്‍ ഭാഗത്തിന് (മുള്ളുപോലുള്ള ഭാഗം) മുപ്പതിലേറെത്തവണ ഉല്‍പ്പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്ന് ഡല്‍ഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഇതാണ് പ്രതിരോധത്തെ മറികടക്കാന്‍ 'ഒമിക്രോണി'നെ സഹായിക്കുന്നത്. അതിനാല്‍, നിലവിലുള്ള വാക്‌സിനുകള്‍ ഇതിനെതിരേ എത്രമാത്രം പ്രതിരോധമൊരുക്കും എന്നകാര്യം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പൈക് പ്രോട്ടീനുപയോഗിച്ചാണ് മനുഷ്യകോശങ്ങളില്‍ വൈറസ് പറ്റിപ്പിടിച്ച് പെരുകുന്നത്. വൈറസിനെ വ്യാപനശേഷിയുള്ളതാക്കുന്നതും സ്‌പൈക് പ്രോട്ടീനാണ്.

'ഒമിക്രോണി'ന്റെ വ്യാപനശേഷി, തീവ്രത, പ്രതിരോധത്തെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഭാവിനടപടികളെന്ന് ഗുലേറിയ പറഞ്ഞു.

കൊറോണ വൈറസിന്റെ ജനിതകമാറ്റത്തെയും വകഭേദങ്ങളെയും കുറിച്ചു പഠിക്കുന്ന 'ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോര്‍ഷ്യ' 'ഒമിക്രോണ്‍' വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെതിരേ വളരെ ജാഗ്രതയോടെയിരിക്കണമെന്നും അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരെ കാര്യമായി നിരീക്ഷിക്കണമെന്നും ഗുലേറിയ പറഞ്ഞു.

COntent highlights: omicron is deadly it may overcome vaccines aiims covid 19 variant