ന്യൂഡല്‍ഹി: രണ്ടുഡോസ് കോവിഡ് വാക്‌സിനുമെടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടുകൂടിയ ഒമിക്രോണ്‍ ബാധയില്‍നിന്ന് രക്ഷയേകുമെന്നും വിദഗ്ധര്‍. പ്രത്യേകിച്ച്, രോഗപ്രതിരോധവ്യവസ്ഥ ദുര്‍ബലമായവര്‍ക്ക് അധികഡോസ് വാക്‌സിന്‍ നല്‍കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു.

മൂന്നാമതൊരു ഡോസ് വാക്‌സിന്‍കൂടി നല്‍കുന്നത് ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വൈറോളജിസ്റ്റും ഇന്ത്യന്‍ സാര്‍സ്-കോവി-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം ഉപദേശകസമിതി മുന്‍ തലവനുമായ ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്റെ ഒരുഡോസ് മാത്രമെടുത്തവര്‍ക്ക് എട്ടുമുതല്‍ 12 വരെ ആഴ്ചയ്ക്കുള്ളില്‍ രണ്ടാംഡോസ് നല്‍കണം. ഇന്ത്യയില്‍ ലഭ്യമായ കോവാക്‌സിന്‍, കോവിഷീല്‍ഡ്, സൈക്കോവ്-ഡി, കോവോവാക്‌സ്, കോര്‍ബെവ് എ.എക്‌സ്-ഇ എന്നിവ മൂന്നാംഡോസായി (ബൂസ്റ്റര്‍ ഡോസ്) ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബൂസ്റ്റര്‍ ഡോസുകൊണ്ട് ഗുണമുണ്ടെന്നതിന് ശാസ്ത്രീയതെളിവുകള്‍ പരിശോധിക്കുകയാണെന്നാണ് ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച ലോക്സഭയില്‍ അറിയിച്ചത്.

പോളിയോ തുള്ളിമരുന്നത്, അഞ്ചാംപനി വാക്‌സിന്‍ തുടങ്ങിയവ ഒഴികെയുള്ള ഏതു വാക്‌സിന്റെയും അധികഡോസ് ശരീരത്തിലെ ആന്റിബോഡികളുടെ തോതുകൂട്ടുമെന്ന് ഐ.സി.എം.ആറിന്റെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ഇന്‍ വൈറോളജി മുന്‍ ഡയറക്ടര്‍ ഡോ. ടി. ജേക്കബ് ജോണ്‍ പറഞ്ഞു. എന്നാല്‍, കോവിഡ് വാക്‌സിന്‍ ഇനിയും കിട്ടിയിട്ടില്ലാത്തവര്‍ക്കും കുട്ടികള്‍ക്കും അതു നല്‍കാനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബൂസ്റ്റര്‍ഡോസിന് അനുകൂലമായ തെളിവുകളാണ് വരുന്നതെങ്കിലും വികസ്വര രാജ്യങ്ങള്‍ പ്രധാന്യംകൊടുക്കേണ്ടത് വാക്‌സിന്‍ കിട്ടാത്തവര്‍ക്ക് അതു നല്‍കാനാകണമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. ഗിരിധര ആര്‍. ബാബു പറഞ്ഞു.

Content Highlights: Omicron: Booster dose protection increases- experts