യൂറോപ്പിലെ ഏറ്റവും പ്രായമേറിയ സ്ത്രീ 117-ാം വയസ്സിൽ കോവിഡ് മുക്തയായി. ദക്ഷിണ ഫ്രാൻസിലെ കത്തോലിക്ക മഠത്തിലെ കന്യാസ്ത്രീയായ സിസ്റ്റർ ആൻഡ്രി എന്ന ലൂസിലി റാൺഡൻ ആണ് കോവിഡ് മുക്തയായ യൂറോപ്പിലെ ഏറ്റവും പ്രായമായ സ്ത്രീ.

ഈ വർഷം ജനുവരി 16 ന് ആണ് റാൺഡൻ കോവിഡ് പോസിറ്റീവ് ആയത്. എന്നാൽ ഇവർക്ക് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

നേരത്തെ കാഴ്ച നഷ്ടപ്പെട്ട ഇവർ വീൽചെയറിലാണ് കഴിയുന്നത്. വിരമിച്ചതിന് ശേഷം റിട്ടയർമെന്റ് ഹോമിൽ കഴിഞ്ഞിരുന്ന ഇവർ രോഗബാധയെത്തുടർന്ന് മറ്റ് അന്തേവാസികളിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. കോവിഡ് ബാധിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ നെഗറ്റീവാവുകയായിരുന്നു.

രോഗത്തെക്കുറിച്ച്ആശങ്കയൊന്നും റാൻഡന് ഉണ്ടായിരുന്നില്ല. രോഗത്തെക്കുറിച്ച് അവർ യാതൊന്നും അന്വേഷിച്ചിരുന്നില്ലെന്നും തന്റെ ദിനചര്യകളിൽ എന്തെങ്കിലും മാറ്റങ്ങൾ വേണ്ടിവരുമോ എന്നുമാത്രമേ അന്വേഷിച്ചിരുന്നുള്ളുവെന്നും റിട്ടയർമെന്റ് ഹോം വക്താവ് ഡേവിഡ് ടവെല്ല പറഞ്ഞു. തന്റെ രോഗത്തെക്കുറിച്ച് ഭയമേതുമില്ലാത്ത അവർക്ക് മറ്റ് അന്തേവാസികളുടെ കാര്യത്തിൽ ആശങ്കകളുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

തനിക്ക് മരിക്കാൻ ഭയമില്ലായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് റാൻഡന്റെ മറുപടി.

1904 ഫെബ്രുവരി 11 ന് ജനിച്ച ലൂസിലി റാൺഡൻ 1944 ൽ ആണ് സിസ്റ്റർ ആൻഡ്രി എന്ന നാമധേയം സ്വീകരിച്ച കന്യാസ്ത്രീ മഠത്തിൽ ചേർന്നത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ത്രീയാണ് ഇവർ.

Content Highlights:Oldest person Europe beats Covid19, Women, Covid19