കോഴിക്കോട്: ആയുഷ് വകുപ്പിന് ഫെബ്രുവരിയില്‍ അനുവദിച്ച 300 തസ്തികകളില്‍ ആയുര്‍വേദത്തിന്റെ 180 തസ്തികകളില്‍ ഇതുവരെ നിയമനമായില്ല.

ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ വിഭാഗത്തിന് അനുവദിച്ച പുതിയ തസ്തികകളില്‍ നിയമനങ്ങള്‍ നടന്നെങ്കിലും ഏറ്റവുംകൂടുതല്‍ തസ്തികകള്‍ ലഭിച്ച ആയുര്‍വേദത്തിലാണ് നിയമനം നീളുന്നത്.

80 തെറാപ്പിസ്റ്റുകള്‍, ഫാര്‍മസിസ്റ്റ്, നഴ്‌സിങ് അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളാണ് ആയുര്‍വേദത്തിന് അനുവദിച്ചത്. 2021 ഫെബ്രുവരി 25-ന്റെ മന്ത്രിസഭായോഗമാണ് കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് ആയുഷിന് 300 പുതിയ തസ്തികകള്‍ അനുവദിച്ചത്.

പുതുതായി മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ് എന്നിവരെ നിയമിച്ചാല്‍ കൂടുതല്‍ ആശുപത്രികളില്‍ കിടത്തിച്ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. ധനവകുപ്പില്‍നിന്ന് അനുമതി കിട്ടാത്തതാണ് തസ്തികകള്‍ അനുവദിച്ച് പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സമാവുന്നത്.

Content Highlights: Of the 180 posts in ayurveda, no appointments have been made yet