ന്യൂഡല്‍ഹി: 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് 6.10 ലക്ഷം പേര്‍ക്ക് കാന്‍സര്‍ രോഗബാധ റിപ്പോര്‍ട്ടുചെയ്തതായി റിപ്പോര്‍ട്ട്. നാഷണല്‍ കാന്‍സര്‍ രജിസ്റ്ററി പ്രോഗ്രാമിനു(എന്‍.സി.ആര്‍.പി.) കീഴില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കാണിത്. 52.4 ശതമാനം പുരുഷന്മാരിലും 47.6 ശതമാനം സ്ത്രീകളിലുമാണ് കാന്‍സര്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാന്‍സര്‍ ബാധിതരില്‍ 7.9 ശതമാനം കുട്ടികളാണ്(14 വയസ്സിനു താഴെ).

പുകയില ഉപയോഗത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ടു ചെയ്ത കാന്‍സര്‍ രോഗബാധ പുരുഷന്മാരില്‍ 48.7 ശതമാനവും സ്ത്രീകളില്‍ 16.5 ശതമാനവുമാണ്. 2012-19 കാലഘട്ടത്തില്‍ 96 ആശുപത്രികളിലായി ആകെ 13,32,207 കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. അതില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ 6.10 ലക്ഷം കേസുകളാണ് വിശകലനത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്-നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ്‌ ആന്‍ഡ് റിസേര്‍ച്ച് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പുരുഷന്മാരില്‍ റിപ്പോര്‍ട്ടുചെയ്ത കാന്‍സറിന്റെ 31.2 ശതമാനം തല മുതല്‍ കഴുത്തുവരെയുള്ള ഭാഗത്താണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. സ്ത്രീകളിലാകട്ടെ 51 ശതമാനവും സ്താനാര്‍ബുദമുള്‍പ്പടെയുള്ള, ഗൈനക്കോളജി വിഭാഗത്തിലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 

തൈറോയിഡ്, പിത്താശയ കാന്‍സറുകളൊഴികെ ഓരോ അവയവവും കേന്ദ്രീകരിച്ചുള്ള രോഗബാധ പുരുഷന്മാരിലാണ് അധികവും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇത് അധികവും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് 45 വയസ്സിനും 64 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലാണ്. എന്നാല്‍, പ്രോസ്റ്റേറ്റ് കാന്‍സറാകട്ടെ 65 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതല്‍.

Content highlights: of 6 10 lakh cancers reported in 2012 19 79 were childhood cases icmr report