മിതവണ്ണമുള്ള കോവിഡ് രോഗികളിൽ മരണസാധ്യതയോ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയോ മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനത്തോളം കൂടുതലാണെന്ന് പുതിയ പഠനം. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാല കോവിഡ് ബാധിച്ച 1500 ല്‍ കൂടുതല്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു ഫലം കണ്ടെത്തിയത്. PLOS ONE എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

അമിതവണ്ണമില്ലാത്ത കോവിഡ് രോഗികളേക്കാള്‍ രണ്ടിരട്ടിയാണ് ഐ.സി.യു. പ്രവേശനം നേടുന്ന അമിതവണ്ണമുള്ളവരുടെ എണ്ണം.

അമിതവണ്ണം നിര്‍ണയിക്കുന്നതിനുള്ള പ്രധാന ഉപാധികളിലൊന്നാണ് ബി.എം.ഐ. അഥവ ബോഡി മാസ് ഇന്‍ഡക്‌സ്. കിലോഗ്രാമിനെ ഒരു വ്യക്തിയുടെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് ആ വ്യക്തിയുടെ ബി.എം.ഐ.

ലോകാരോഗ്യസംഘടന പറയുന്നത് ബി.എം.ഐ. 25 ഓ അതില്‍ കൂടുതലോ ആണെങ്കില്‍ അമിതഭാരവും 30 ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുമാണെന്നാണ്.

പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് ഐ.സി.യു. പ്രവേശനവും മരണവും കൂടുതല്‍ ഉയര്‍ന്ന ബി.എം.ഐ. ഉള്ളവരിലാണ് എന്നാണെന്ന് സ്വീഡിഷ് സര്‍വകലാശാല വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ അമിതവണ്ണമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും സര്‍വകലാശാല വ്യക്തമാക്കി.

ലാന്‍സെറ്റ് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് അമിത ഭാരം കുറയ്ക്കുന്നത് വ്യക്തികളില്‍ കോവിഡ് മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കുമെന്നാണ്. ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ശരീരത്തിന്റെ പ്രതിരോധശേഷി ഉള്‍പ്പടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെയെല്ലാം അമിതവണ്ണം ബാധിക്കാം. ഇത് ആ വ്യക്തിയെ പെട്ടെന്ന് അണുബാധയേല്‍ക്കാന്‍ ഇടയാക്കുമെന്ന് ഹൈദരാബാദ് യശോദ ആശുപത്രിയിലെ ശ്വാസകോശാരോഗ്യ വിദഗ്ധന്‍ ഡോ. ചേതന്‍ റാവു അഭിപ്രായപ്പെടുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ചടഞ്ഞുകൂടിയിരിക്കാതെ ഊര്‍ജസ്വലമായ ഒരു ജീവിതം നയിക്കുക, നന്നായി ഉറങ്ങുക, മാനസിക സമ്മര്‍ദത്തെ നിയന്ത്രിക്കുക, മദ്യപാനവും പുകവലിയും പോലുള്ളവ ഒഴിവാക്കുക എന്നിവ വഴി അമിതവണ്ണം ഒഴിവാക്കി ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ഇത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും അമിത രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തത്തിലെ അമിത ഷുഗര്‍ നില എന്നിവ നിയന്ത്രിക്കാന്‍ സാധിക്കും. ആരോഗ്യകരമായ ബി.എം.ഐ. നിലനിര്‍ത്തുന്നത് കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുകയും ചെയ്യും.

Content Highlights: Obese Covid-19 patients twice more likely to be in hospital ICU, says study