കോഴിക്കോട്: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഇനി വീട്ടില്‍ത്തന്നെ ചികിത്സ. 55 വയസ്സിന് താഴെയുള്ളവരെയും മറ്റു അസുഖങ്ങളില്ലാത്തവരെയുമാണ് ഇത്തരത്തില്‍ ചികിത്സിക്കുന്നത്. ഒരു വീട്ടിലെ എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചാലും വീട്ടില്‍ത്തന്നെ ചികിത്സിക്കാനും തീരുമാനമായി. ഈ രീതി നേരത്തെ ചാത്തമംഗലം ചൂലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വിജയകരമായി നടപ്പാക്കിയിരുന്നു. ഗര്‍ഭിണിയും വയോധികയുമടക്കം ഒരു കുടുംബത്തിലെ എട്ടുപേരെയാണ് ചികിത്സിച്ച് ഭേദപ്പെടുത്തിയത്.
ജില്ലയില്‍ കോവിഡ് രോഗികളുടെ ദിനംപ്രതി എണ്ണം നാനൂറിനോട് അടുക്കുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കുറവുമാണിപ്പോള്‍. ഇത്രയും പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ജില്ലയില്‍ കുറവാണ്.
ശനിയാഴ്ച 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 176 പേര്‍ക്കാണ് രോഗമുക്തി. ഞായറാഴ്ച 399 പേര്‍ പോസിറ്റീവും 128 പേര്‍ രോഗമുക്തരാവുകയും ചെയ്തു. തിങ്കളാഴ്ച 382 പേര്‍ പോസിറ്റീവായപ്പോള്‍ 123 പേര്‍ക്കാണ് രോഗം ഭേദമായത്.
കോഴിക്കോട് നഗരപരിധിയില്‍ ഏതാനും ദിവസങ്ങളായി ശരാശരി നൂറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ശനിയാഴ്ച 144 പേര്‍ക്കും ഞായറാഴ്ച 115 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 1362 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 69 പോസീറ്റീവ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 48 പേരുടെ ഫലം വന്നിട്ടില്ല.
പുതിയ എഫ്.എല്‍.ടി.സി.കള്‍ ഉടന്‍
ജില്ലയില്‍ വിവിധ കോവിഡ് സെന്ററുകളിലായി 2261 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. ആകെ 2866 രോഗികളാണുള്ളത്. ഇതില്‍ 2600 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച സ്ഥിരീകരിച്ചവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കയാണ്.
പ്രതിദിനം രോഗികളുടെ എണ്ണം കൂടിയതോടെ ഇവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളില്ലാതെ വലയുകയാണ് അധികൃതരും. പല സെന്റുകളിലും കൂടുല്‍ പേരെ ഉള്‍ക്കൊള്ളിക്കുകയാണ് ചെയ്യുന്നത്. ബീച്ച് കോവിഡ് ആശുപത്രിയില്‍ നിലവില്‍ 225 പേര്‍ക്കാണ് സൗകര്യം. ഇത് 300 ആക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയും ബീച്ച് കോവിഡ് ആശുപത്രിയും ഉള്‍പ്പെടെ 17 ചികിത്സകേന്ദ്രങ്ങളുണ്ട്. ചില സ്വകാര്യ ആശുപത്രികളിലും ചികിത്സാസൗകര്യമുണ്ട്. ഇവിടെ 459 പേരെ ചികിത്സിക്കാനാകും.
രോഗികള്‍ കൂടിയതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെപ്പേരെയും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റിയത് അടുത്ത ദിവസങ്ങളിലാണ്. സെന്ററില്‍ ഒഴിവുകളില്ലാതിരുന്നതാണ് കാരണം. ഈ സാഹചര്യത്തില്‍ 2000 പേര്‍ക്ക് സൗകര്യമുള്ള 14 എഫ്.എല്‍.ടി.സി.കള്‍കൂടി തുടങ്ങാന്‍ തീരുമാനമായി.
ആംബുലന്‍സുകളും കുറവ്
ജില്ലയില്‍ ആംബുലന്‍സുകളുടെ എണ്ണം കുറവാണ്. '108' ആംബുലന്‍സുകളുള്ളത് 33 എണ്ണമാണ്. ഏഴ് ആംബുലന്‍സുകളാണ് ആദ്യമുണ്ടായിരുന്നത്. രോഗികളുടെ എണ്ണം കൂടിയപ്പോഴാണ് എണ്ണം വര്‍ധിപ്പിച്ചത്. സ്വകാര്യ ആംബുലന്‍സുകളും കോവിഡ് ഡ്യൂട്ടിക്കായുണ്ട്.
രോഗികളുടെ എണ്ണം കൂടുന്ന സമയത്ത് പലപ്പോഴും കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഒരു വണ്ടിയില്‍ നാലും അഞ്ചും രോഗികളെ ഒരുമിച്ചാണ് കൊണ്ടുപോകുന്നത്.
Content Highlights: number of patients increasing, Treating COVID-19 at home