കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ വർധിച്ചതോടെ വാർഡിനുള്ളിൽ സ്ഥലമില്ലാതെ വരാന്തയിലെ തറയിൽ കിടക്കുന്നരുടെ എണ്ണവും കൂടുന്നു. മെഡിസിൻ വാർഡിലാണ് കൂടുതൽ രോഗികളുള്ളത്. മുമ്പ് 36 കട്ടിലുകൾ ഉണ്ടായിരുന്ന വാർഡിൽ കോവിഡ് സാഹചര്യത്തിൽ 28 എണ്ണമാക്കി കുറച്ചിരുന്നു. നിശ്ചിത അകലത്തിൽ ക്രമീകരിച്ചാണ് രോഗികളെ കിടത്തുന്നത്. രോഗികൾ വർധിച്ചതോടെ ഓരോവാർഡിലും 42 രോഗികളെവരെ പ്രവേശിപ്പിക്കേണ്ട അവസ്ഥയാണ്.

പതിനൊന്ന് മെഡിസിൻ വാർഡുകളിൽ 450-ഓളം രോഗികളിൽ പനി, ന്യുമോണിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുമുണ്ട്. മെഡിസിൻ, ജെറിയാറ്റിക്, സർജറി ഐ.സി.യു. കളിൽ രോഗികൾ നിറഞ്ഞിരിക്കുകയാണ്. അതേസമയം ഐ.സി.യു. പരിചരണം കാത്തിരിക്കുന്ന രോഗികൾ വാർഡിലും ചികിത്സയിലുണ്ട്. രണ്ടാമത്തെ മെഡിക്കൽ ഐ.സി.യു.വിന്റെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലാണ്.

ബുധനാഴ്ച വാർഡിൽ കിടപ്പുരോഗികളുടെ എണ്ണം 1320-ഉം ഒ.പി.യിൽ ചികിത്സതേടിയെത്തിയവർ 2711-മാണ്.

കോവിഡ് ആശുപത്രിയായ പി.എം.എസ്.എസ്.വൈ. ബ്ലോക്കിൽ 55 രോഗികളാണുള്ളത്. കോവിഡ് രൂക്ഷമായപ്പോൾ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന മറ്റ് രോഗികളുടെ തിരക്ക് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ എണ്ണം വർധിച്ചു. മെഡിസിൻ, സർജറി, കാർഡിയോളജി ഒ.പി.യിൽ രോഗികളെ പരിശോധിക്കുന്നത്‌ മൂന്നുമണിവരെ നീളുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് ബ്രിഗേഡിന് കീഴിലുണ്ടായിരുന്ന 800-ലേറെ പേരെ പിരിച്ചുവിട്ടതിനുശേഷം പുതിയ നിയമനമൊന്നും നടത്തിയിട്ടില്ല. ഇത് ജീവനക്കാരുടെ ജോലിഭാരം കൂട്ടിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതിപ്രകാരം സേവനസന്നദ്ധരായി ജോലിചെയ്തിരുന്ന ഡിഗ്രി വിദ്യാർഥികളുടെ മൂന്നുമാസ കാലാവധിയും ഈമാസം അവസാനിക്കുകയാണ്.

Content highlights: number of patients in kozhikode medical college increasing, patients are lie down on floor