തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്കുകീഴില്‍ കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കും. ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത തുടരും.

രോഗവ്യാപനം കുറഞ്ഞപ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സി.എഫ്.എല്‍.ടി.സി.) പ്രവര്‍ത്തനം കുറച്ചിരുന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഇവയുടെ പ്രവര്‍ത്തനം തുടങ്ങത്തക്കവിധം തയ്യാറെടുപ്പ് നടത്തും.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കും. രോഗികളെ കണ്ടെത്താനും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും വാര്‍ഡുതലസമിതികള്‍ ശ്രദ്ധിക്കും.

പുതിയ ഭരണസമിതി നിലവില്‍വന്നതിനാല്‍ വാര്‍ഡുതലസമിതികള്‍ പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം തുടരണമെന്നു നേരത്തേ സര്‍ക്കാര്‍ നിര്‍ദേശംനല്‍കിയിരുന്നു. രോഗികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനു കൈമാറും. ഏതുസാഹചര്യവും നേരിടാന്‍ ഇനിയുള്ള ദിവസങ്ങളില്‍ യുദ്ധകാല ഒരുക്കം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. സി.എഫ്.എല്‍.ടി.സി.കള്‍ക്കായി കണ്ടെത്തിയ കെട്ടിടങ്ങള്‍ കൈവശമുള്ളതിനാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയേ ആവശ്യമുള്ളൂ.

രോഗബാധിതരെ വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. അതിനാല്‍ മുമ്പുണ്ടായിരുന്നത്ര ചികിത്സാകേന്ദ്രങ്ങള്‍ വേണ്ടിവരില്ല. വീട്ടില്‍ സൗകര്യമില്ലാത്തവരെയും കടുത്ത ആരോഗ്യപ്രശ്‌നമുള്ളവരെയുമാണ് ചികിത്സാകേന്ദ്രങ്ങളിലേക്കു മാറ്റുന്നത്.

ഭക്ഷണച്ചെലവിന് സര്‍ക്കാര്‍വിഹിതം കുറവ്

സി.എഫ്.എല്‍.ടി.സി.കളുടെ നടത്തിപ്പിനുള്‍പ്പെടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാമ്പത്തികപ്രതിസന്ധിയുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്ലാന്‍ഫണ്ട് ഉപയോഗിക്കാം.

ഒരുവര്‍ഷമായി തുടരുന്ന കോവിഡ് പ്രതിരോധം തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതിയെ ഇതിനകം കാര്യമായി ബാധിച്ചിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കോവിഡിനായി ചെലവിടേണ്ടിവരുന്നു. അടച്ചിടലും ഇപ്പോഴുള്ള നിയന്ത്രണങ്ങളും വരുമാനക്കുറവുണ്ടാക്കുകയും ചെയ്തു.

കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യമൊരുക്കാനും ചികിത്സയിലുള്ളവര്‍ക്ക് ഭക്ഷണംനല്‍കാനുമൊക്കെ ഭാരിച്ച സാമ്പത്തികബാധ്യതയുണ്ട്. ഭക്ഷണച്ചെലവിന് സര്‍ക്കാര്‍ നല്‍കുന്ന തുക തീരെ കുറവായതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണംകണ്ടെത്താന്‍ മറ്റുവഴികള്‍ തേടേണ്ടിവരും.

Content Highlights: Number of Covid19 treatment centres will be increase soon, Health, Covid19, Corona Virus