ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍. പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പുതുച്ചേരിയില്‍ പുതിയ ഉത്തരവുണ്ടാകുന്നതുവരെ ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കിയതായി വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം അറിയിച്ചു. പുതുവത്സരത്തിനുമുമ്പ് പ്രതിദിന രോഗികളുടെ എണ്ണം 25-ഓളമായിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസം 444 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ മദ്രാസ് സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ നീട്ടിവെച്ചു. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അഞ്ചുദിവസമാക്കി. 10 മുതല്‍ 24വരെ സമൂഹിക, മതപര കൂടിച്ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

രോഗികളുമായി അടുത്ത സമ്പര്‍ക്കം

ഒമിക്രോണിന്റെ അതിവ്യാപന സ്വഭാവമാണ് ആരോഗ്യപ്രവര്‍ത്തകരെ രോഗികകളാക്കുന്നതെന്ന് ഐ.എം.എ. നിയുക്ത സംസ്ഥാന (കേരളം) പ്രസിഡന്റ് ഡോ. സുല്‍ഫിക്കര്‍ പറഞ്ഞു. രോഗികളുമായി കൂടുതല്‍ അടുപ്പം പാലിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. ആദ്യ രണ്ടുഡോസ് വാക്‌സിനെടുത്ത് ഒമ്പതുമാസം പിന്നിട്ടുകഴിഞ്ഞു. വാക്‌സിനേകിയ പ്രതിരോധശേഷിയിലുണ്ടായ കുറവും രോഗം പെട്ടെന്ന് പിടിപെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ചികിത്സയിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഐ.സി.യു.വില്‍മാത്രം പി.പി.ഇ. കിറ്റ് ധരിച്ചാല്‍ മതിയെന്നാണ് ലോകാരാഗ്യസംഘടനയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

രോഗാണു മൂക്കിലൂടെയും വായിലൂടെയുമാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. മൂന്നുപാളികളുള്ള മുഖാവരണത്തിനൊപ്പം കൈയുറകള്‍കൂടി ധരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷണമില്ലെങ്കില്‍ ജോലി ചെയ്യാം

സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെങ്കില്‍ ഏകാന്തവാസം വേണ്ടെന്ന നിലപാടിലാണ് ഡല്‍ഹി എല്‍.എം.എച്ച്.സി. അടക്കമുള്ള ആശുപത്രി അധികൃതര്‍. രോഗിയുമായി സമ്പര്‍ക്കമുണ്ടാകുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

ഫലം നെഗറ്റീവാണെങ്കില്‍ മൂന്നുപാളികളുള്ള മുഖാവരണം ധരിച്ച് ജോലിയില്‍ തുടരാമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് നടപടി.

Content highlights: number of covid patients increasing day by day states tightening controls