-
കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ്രോഗികള്‍ കൂടുന്നതോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗംബാധിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ജില്ലാ കോവിഡ് ആശുപത്രിയായ പി.എം.എസ്.എസ്.വൈ. ബ്ളോക്കില്‍ 160 കിടക്കകളിലും രോഗികള്‍ നിറഞ്ഞു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മൂന്നാമത്തെനിലയിലെ രണ്ടുവാര്‍ഡുകള്‍ തിങ്കളാഴ്ച തുറന്നു. ഇതിലെ 40 കിടക്കകളിലും രോഗികളായി. അടുത്തദിവസം ബാക്കിയുള്ള രണ്ടുവാര്ഡുകള്കൂടി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
40 കിടക്കയുള്ള ഐ.സി.യു.വില്‍ പത്തെണ്ണത്തില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പരിചരിക്കാന്‍ 120 നഴ്സുമാരെങ്കിലും വേണ്ടിടത്ത് പകുതിപ്പേരാണുള്ളത്. അതേസമയം, എം.സി.എച്ചിലെ കോവിഡിതര വാര്‍ഡുകളില്‍ ബെഡ്കിട്ടാതെ രോഗികള്‍ വരാന്തയില്‍ നിലത്താണ് കിടക്കുന്നത്.
ആവശ്യത്തിന് ജീവനക്കാരില്ല
ആകെ അനുവദിച്ച 500 നഴ്സുമാരുടെ തസ്തികയില്‍ 386 പേരാണ് പി.എസ്.സി. മുഖാന്തരം നിയമിക്കപ്പെട്ടത്. ഒഴിഞ്ഞുകിടക്കുന്ന 114 തസ്തികളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ.) ബോണ്ടുപ്രകാരം നിയമനം നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക്, ത്രിതല കാന്‍സര്‍ സെന്റര്‍ (ടി.സി.സി.), ജില്ലാ കോവിഡ് ആശുപത്രി എന്നിവിടങ്ങളിലേക്ക് പ്രത്യേകമായി ജീവനക്കാരെ നിയമിച്ചിട്ടില്ല. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് മാറ്റിനിയമിക്കുകയാണ് ചെയ്യുന്നത്. വാര്‍ഡുകളില്‍ ഒരുഡ്യൂട്ടിക്ക് 12 നഴ്സുമാര്‍ വേണ്ടിടത്ത് രണ്ടോമൂന്നോ നഴ്സുമാരാണ് വാര്‍ഡില്‍ രോഗികളെ പരിചരിക്കാനുള്ളത്. ഇതുമൂലം രോഗികള്‍ക്ക് പരിചരണം കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ്.
രോഗികള്‍ കൂടിയതോടെ നഴ്സുമാരുടെ ജോലിഭാരവും വര്‍ധിച്ചു. നാല് ആശുപത്രികളിലുംകൂടി നിലവിലുള്ളതിന്റെ ഇരട്ടി നഴ്സുമാരെങ്കിലുമുണ്ടെങ്കില് രോഗീപരിചരണം കൂടുതല്‍ മെച്ചപ്പെടുമെന്ന് ജീവനക്കാര്‍ പറയുന്നു. നഴ്സിങ് അസിസ്റ്റന്റുമാര്‍ 250 പേരാണുള്ളത്. മൂന്നും നാലും വാര്‍ഡുകളില്‍വരെ ഒരു നഴ്സിങ്ങ് അസിസ്റ്റന്റ് ജോലിചെയ്യണം. മൂന്നിരട്ടി ആളുകള്‍ വേണ്ടിടത്താണ് 250 പേര് സേവനമനുഷ്ഠിക്കുന്നത്.
ശുചീകരണത്തൊഴിലാളികളുടെ കാര്യം അതിലും ദയനീയമാണ്. 750 പേരുടെ ജോലിയാണ് 150 പേര് ചെയ്യുന്നത്. ഒരാള്‍ നാലുവാര്ഡുകള്വരെ ശുചീകരിക്കണം. ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലുള്ള കോവിഡ് ബ്രിഗേഡ് നിര്ത്തലാക്കിയതിയനെത്തുടര്ന്ന് 700-ഓളം താത്കാലിക ജീവനക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ പിരിച്ചുവിട്ടിരുന്നു.
ഇതിനിടെ പി.ജി. ഡോക്ടര്‍മാരുടെ ഒഴിവുനികത്താന് നിയമിച്ച 70 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരില്‍ 15 പേര് രാജിവച്ചു. കൂടാതെ, അഞ്ചുഡോക്ടര്മാരെ പുതുതായി ആരംഭിച്ച പാരിപ്പള്ളി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലംമാറ്റുകയുണ്ടായി. അതിനിടെ മെഡിക്കല്‍ കോളേജില്‍ അനുഭവപ്പെടുന്ന സ്റ്റാഫ്നഴ്സ് ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഴ്സസ് ഫോറം വാട്സാപ്പ്കൂട്ടായ്മ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധദിനം ആചരിച്ചു.
28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്
തിങ്കളാഴ്ച 18 ഡോക്ടര്‍മാരടക്കം 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 150 ആയി. ഇതില്‍ 60 പേര് നഴ്സുമാരാണ്.
Content highlights: number of covid patients in kozhikode medical college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..