കല്പറ്റ: വയനാട് ജില്ലയിലെ രണ്ടുകുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ദേശീയ അംഗീകാരനിറവില്‍. എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര പരിശോധനയില്‍ (എന്‍.ക്യു.എ.എസ്.) രാജ്യത്തെ മികച്ച ആതുരാലയങ്ങള്‍ക്കുള്ള അംഗീകാരം ലഭിച്ചു. നൂല്‍പ്പുഴ, പൂതാടി, മുണ്ടേരി യു.പി.എച്ച്.സി. എന്നിവയ്ക്കു പിന്നാലെയാണ് എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങളെ ദേശീയ അംഗീകാരം തേടിയെത്തിയത്.

ഗുണനിലവാരം വിലയിരുത്തി ദേശീയതലത്തില്‍ നല്‍കുന്ന എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ എടവക 91.52 ശതമാനവും പൊഴുതന 85.39 ശതമാനവും നേടി.

ഓഗസ്റ്റില്‍ നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ (എന്‍.എച്ച്.എസ്.ആര്‍.സി.) നിയോഗിച്ച സംഘം ആരോഗ്യകേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി പരിശോധന നടത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ആശുപത്രികളാണ് എടവകയും പൊഴുതനയും.

പൊഴുതന കുടുംബാരോഗ്യ കേന്ദ്രം

നിലവില്‍ ഒ.പി. കൗണ്ടറുകള്‍, അഡ്വാന്‍സ് ബുക്കിങ് കൗണ്ടര്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ശൗചാലയ സൗകര്യം, ആരോഗ്യ ബോധവത്കരണ സംവിധാനങ്ങള്‍, രോഗീപരിചരണ സഹായികള്‍, സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാ മുറികള്‍, മാര്‍ഗരേഖ അടിസ്ഥാനമാക്കിയ ചികിത്സ, ആവശ്യത്തിനു ഡോക്ടര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് രണ്ട് ആശുപത്രികളിലുമുള്ളത്.

ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളുടെയും ഡി.എം.ഒ., ഡി.പി.എം. അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഇതര ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണ് എന്‍.ക്യു.എ.എസ്. അംഗീകാരമെന്ന് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം.ടി. സഗീര്‍, ഡോ. പി.എസ്. സുഷമ എന്നിവര്‍ പറഞ്ഞു.

Content Highlights: NQAS certification for Edavaka, pozhuthana family health center in Wayanad, Health