പ്രതീകാത്മക ചിത്രം | വര: എൻ.എൻ. സജീവൻ
കോഴിക്കോട്:ഒരു ജനറല്‍ ആശുപത്രിയും ഒരു ജില്ലാ ആശുപത്രിയും ഏഴു താലൂക്ക് ആശുപത്രികളുമാണ് കോഴിക്കോട് ജില്ലയിലുള്ളത്. അതില്‍ ബീച്ച് ജനറല്‍ ആശുപത്രിയൊഴികെ മറ്റെല്ലായിടത്തും ആവശ്യത്തിന് മരുന്നില്ലാത്തത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു.
പനി പടര്ന്നുപിടിച്ചുതുടങ്ങിയതോടെ ബീച്ചാശുപത്രിയില്‍ രണ്ടായിരത്തിലേറെ രോഗികള്‍ ഒരുദിവസം വരുന്നുണ്ട്. ഞായറാഴ്ചകളില്‍പോലും ആയിരംപേരെങ്കിലും എത്തുന്നുണ്ടെന്നാണ് ആശുപത്രിരേഖകള്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേര്‍ ആശ്രയിക്കുന്ന ആതുരാലയമാണിത്. തീരദേശമേഖലയിലുള്ള സാമ്പത്തികമായി പിന്നാക്കമുള്ളവരാണ് ഇവിടെയെത്തുന്നതില്‍ കൂടുതലും.
പനിയും കഫക്കെട്ടുമൊക്കെയായി വരുന്നവര്‍ക്ക് ആന്റിബയോട്ടിക്ക് കുറിച്ചുകൊടുത്താല്‍ പലതിനും പുറത്തുള്ള സ്വകാര്യമെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ടിവരുകയാണ്. ഇവിടെ മരുന്നുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും അമോക്സിസിലിന്‍ കിട്ടാനില്ലെന്നതാണ് വെള്ളിയാഴ്ചവരെയുള്ള അനുഭവം. മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് മരുന്നു വിതരണംചെയ്തതുകൊണ്ടല്ല, മറ്റ് ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നവ എത്തിച്ചും ആശുപത്രി സ്വന്തമായി വാങ്ങിയുമൊക്കെയാണ് ഇവര്‍ പ്രതിസന്ധിയെ മറികടക്കുന്നത്. അതുകൊണ്ട് മറ്റിടങ്ങളിലേതുപോലെ ബുദ്ധിമുട്ട് നേരിട്ടിട്ടില്ല.
വടകര ജില്ലാ ആശുപത്രി
വടകര താലൂക്കിലെ ഏക ജില്ലാ ആശുപത്രിയായ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ ഒ.പി.യിലെത്തുന്ന രോഗികള്‍ ഏതാണ്ട് രണ്ടായിരത്തോളംവരും. രാവിലത്തെ ഒ.പി.യില്‍ 1500 മുതല്‍ 1600 വരെയും വൈകീട്ട് അത്യാഹിതവിഭാഗത്തിലെ ഒ.പി.യില്‍ 300 മുതല്‍ 400 പേര്വരെയും എത്തുന്നുണ്ട്. പനിബാധിതരാണ് ഏറെയും. മരുന്നു ക്ഷാമം ആശുപത്രിയിലെ ഫാര്മസിപ്രവര്ത്തനത്തെ ബാധിച്ചെങ്കിലും സ്വന്തമായി വാങ്ങിയാണ് പിടിച്ചുനില്‍ക്കുന്നത്.
സര്‍ക്കാരിന്റെ വിതരണം നിലച്ച ഒട്ടേറെ മരുന്നുകളുണ്ട്. കുട്ടികളുടെ ആന്റിബയോട്ടിക് മരുന്നുകളായ അമോക്സിസിലിന്‍ സിറപ്പ്, അസിത്രോമൈസിന്‍ സിറപ്പ്, ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള ചില മരുന്നുകള്‍, രക്തയോട്ടത്തിന് നല്കുന്ന മരുന്ന് തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.
38 ലക്ഷം രൂപയാണ് മരുന്നു വാങ്ങാന്‍ ജില്ലാപഞ്ചായത്ത് അനുവദിച്ചത്. ഇത് ചെലവഴിച്ചുകൊണ്ട് അത്യാവശ്യംവേണ്ട മരുന്നുകള്‍ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ ഇതുവരെ മരുന്ന് കിട്ടാത്ത പ്രശ്നം അനുഭവപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.
ബാലുശ്ശേരി താലൂക്ക് ആശുപത്രി
ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ഒരുദിവസം 1500 രോഗികളാണ് എത്തുന്നത്. ഭൂരിഭാഗവും പനിയും അനുബന്ധ അസുഖങ്ങളുമാണ്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് മരുന്നുകളും ഇന്ജെക്ഷനും ക്ഷാമം ഉണ്ട്. കുട്ടികള്‍ക്കുള്ള പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള സിറപ്പുകളുമില്ല. കൂടാതെ ഫാര്‍മസി 24 മണിക്കൂര്‍ അല്ലാത്തതിനാല്‍ രാത്രിയെത്തുന്ന രോഗികള്‍ക്ക് എല്ലാമരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ടിവരുകയാണ്.
താമരശ്ശേരി താലൂക്ക് ആശുപത്രി
മലയോരമേഖലയിലുള്ളവരുടെ ആശ്രയകേന്ദ്രമാണ് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രി. ജനറല്‍ മെഡിസിന്, ശിശുരോഗവിഭാഗം, സര്‍ജറി, ഡെന്റല്‍ ഒ.പി. തുടങ്ങിയ വിഭാഗങ്ങളിലായി 1200 പേരാണ് പ്രതിദിനമെത്തുന്നത്. ഇവിടെ ഡോക്ടര്‍മാര്‍ക്കും മരുന്നിനും ക്ഷാമമാണെന്നതാണ് അവസ്ഥ.
രണ്ടുകോടിയോളം രൂപയുടെ മരുന്നാണ് ഒരുവര്‍ഷം ഇവിടെ വാങ്ങിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അറുപതുലക്ഷം രൂപയുടെ മരുന്ന് കുറവാണ്. പേപ്പട്ടിവിഷബാധയ്ക്കുള്ള ആന്റിറാബിസ് വാക്സിന് ആവശ്യത്തിനനുസരിച്ച് കിട്ടാത്തതിനാല്‍ കഴിഞ്ഞമാസംവരെ നായയുടെ കടിയേറ്റ് വരുന്നവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
അശുപത്രിയുടെ സൗകര്യങ്ങള്‍ക്ക് ഉള്ക്കൊള്ളാനാവുന്നതിനപ്പുറം രോഗികള്‍ എത്തുന്നതും ഒ.പി.കളില്‍ ഡോക്ടര്‍മാര്‍ കുറഞ്ഞതുമെല്ലാം തീരാത്ത പ്രശ്നങ്ങളായി ബാക്കിനില്‍ക്കുന്നുണ്ട്. മിക്കദിവസങ്ങളിലും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നു.
വടകരയില്‍ അത്യാഹിതവിഭാഗവും ഒ.പി...!
ഒ.പി.യിലെത്തുന്ന രോഗികളുടെ എണ്ണം കൂടിയിട്ടും വടകര ഗവ. ജില്ലാ ആശുപത്രിയില്‍ സായാഹ്ന ഒ.പി. തുടങ്ങിയില്ല. നിലവില്‍ ഉച്ചയ്ക്കുശേഷം വരുന്ന പനിബാധിതരും മറ്റെല്ലാ രോഗബാധിതരും നേരെ അത്യാഹിത വിഭാഗത്തിലേക്കാണ് പോവുക. ഇത് അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചുതുടങ്ങി. 400 മുതല്‍ 500 പേര് വരെ ഉച്ചയ്ക്ക് ശേഷംമുതല്‍ രാത്രിവരെ അത്യാഹിതവിഭാഗത്തിലെത്തും. ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമേ ഈ സമയം ഒ.പി.യിലുണ്ടാകൂ.
എന്തെങ്കിലും അപകടക്കേസുകളോ മറ്റോ വന്നാല്‍ ഡോക്ടര്‍മാര്‍ അത് നോക്കാനായി പോകും. പനി ബാധിച്ചുംമറ്റും വന്നവര്‍ പിന്നീട് ഏറെ നേരം കാത്തിരിക്കണം. ഇത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെല്ലാം വലിയ ദുരിതമായിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ വൈകീട്ട് പനി ക്ലിനിക് തുടങ്ങണമെന്ന ആവശ്യം തുടങ്ങിയിട്ട് ദിവസങ്ങളായി. സായാഹ്ന ഒ.പി. തുടങ്ങിയാല്‍ അത്യാഹിതവിഭാഗത്തില്‍ തിരക്ക് കൂടില്ല. ഡോക്ടര്‍മാരെ നിയമിക്കാന്‍ ജില്ലാതലത്തില്‍ അഭിമുഖം നടത്തിയെങ്കിലും ഇതുവരെ വടകരയിലേക്ക് ഡോക്ടറെ കിട്ടിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..