വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കോവിഡ് പടരുന്നതിനിടെ പകര്‍ച്ചവ്യാപനത്തോത് കൂടിയ നോറോ വൈറസ് കൂടി പടര്‍ന്നാല്‍ ആരോഗ്യസംവിധാനങ്ങളെയാകെ ബാധിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥികള്‍ പല ജില്ലകളില്‍നിന്നുള്ളവരായതിനാലും വൈത്തിരിയും പൂക്കോടും ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളായതിനാലും അതിജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഞ്ചാരികള്‍വഴി കൂടുതല്‍ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്.

പൂക്കോട് വെറ്ററിനറി കോളേജിലെ കുടിവെള്ളസ്രോതസ്സ് മലിനമാക്കപ്പെട്ടതാണ് രോഗകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം പാകംചെയ്യുന്നതിനും ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാചകത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം.

കഴിഞ്ഞ ശനിയാഴ്ചമുതല്‍ രോഗലക്ഷണം കാണിച്ച 34 കുട്ടികളുടെ സാംപിളുകള്‍ മാത്രമാണ് വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കുട്ടികളെല്ലാം കാമ്പസിന് പുറത്തുള്ള ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞമാസം 22-നും കാമ്പസിസിനുള്ളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന 50-ഓളം പേര്‍ക്ക് സമാനരോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അന്ന് പരിശോധനയില്‍ മൂന്നുപേര്‍ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ അവസാനംവരെ കാമ്പസ് അടച്ചിടുകയും കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ക്ലാസുകള്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ വീണ്ടും രോഗബാധ ആവര്‍ത്തിച്ചതോടെയാണ് മറ്റു രോഗസാധ്യതകള്‍ പരിശോധിച്ചത്. വൈറസ് ബാധിച്ച് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. അതിനാല്‍ നിലവില്‍ കൂടുതല്‍ രോഗികളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. അതേസമയം കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വയറിളക്കരോഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ രക്ഷിതാക്കളും ആശങ്കയിലാണ്.

പകരുന്നത് ഇങ്ങനെ

മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും ശ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍മുതല്‍ ഏപ്രില്‍വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമെന്യെ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കേണ്ടതുമാണ്.

രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകംചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുമുതല്‍ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ടുദിവസങ്ങള്‍വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ലക്ഷണങ്ങളെ കരുതാം 

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.

പ്രതിരോധിക്കാം

  • ആഹാരത്തിനുമുമ്പും, ശൗചാലയത്തില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍ഡ് നേരമെങ്കിലും നന്നായി കഴുകുക.
  • കുടിവെള്ളസ്രോതസ്സുകള്‍, കിണര്‍, ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
  • വ്യക്തിശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
  • പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • തണുത്തതും പഴകിയതും, തുറന്നുവെച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
  • കടല്‍മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകംചെയ്തതിന് ശേഷം മാത്രം കഴിക്കുക.

സ്ഥാപനങ്ങളിലെ ജലസ്രോതസ്സുകള്‍ വൃത്തിയാക്കണം- ജില്ലാ കളക്ടര്‍

ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, സ്വകാര്യ ഹോസ്റ്റലുകള്‍, പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജല സ്രോതസ്സുകളും ജലസംഭരണികളും അടിയന്തരമായി ശുചീകരിക്കാന്‍ കളക്ടര്‍ എ. ഗീത നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ജലപരിശോധനയ്ക്കും വിധേയമാക്കണം.

കുടിവെള്ളസ്രോതസ്സുകള്‍, ജലസംഭരണികള്‍ എന്നിവയിലൂടെ അന്തേവാസികള്‍ക്ക് രോഗങ്ങള്‍ പിടിപ്പെടുന്നതായി റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് നടപടി.

അതത് തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍, ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സ്ഥാപനങ്ങളില്‍ നേരില്‍ പരിശോധന നടത്താനും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കുനേരെ നടപടികള്‍ സ്വീകരിക്കാനും ദുരന്ത നിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Norovirus outbreak at Wayanad Pookode Kerala Veterinary and animal Sciences first time in kerala