കൊച്ചി: കോവിഡ് 19 മൂലമുള്ള ഗുരുതരാവസ്ഥയും  മരണവും തടയുന്നതിന് ഇന്ത്യയിൽ അംഗീകരിച്ച എല്ലാ വാക്സിനുകളും  ഹൃദ്രോഗികൾക്കും സുരക്ഷിതമാണെന്ന്  ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, കേരള ചാപ്റ്റർ.

വാക്സിനേഷൻ മൂലം രക്തം കട്ടപിടിക്കൽ, ഹൃദയത്തിന്റെ വീക്കം എന്നീ പാർശ്വഫല സാധ്യതകൾ വളരെ വിരളമാണെന്ന്  കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.കെ.പി ബാലകൃഷ്ണൻ പറഞ്ഞു.

വാക്‌സിനുകൾ തമ്മിലുള്ള ഇടവേള ഓരോ വാക്‌സിനും വ്യത്യസ്തമാണ്. നിലവിൽ കോവിഷിൽഡ് വാക്‌സിന് 12 ആഴ്ചയും കോവാക്സിനു 4 ആഴ്ചയുമാണ് ഒന്നും രണ്ടും ഡോസുകൾ എടുക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഇടവേള.

വാർഫെറിൻ പോലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ ഐ. എൻ. ആർ 3 ൽ താഴെ ആണെകിൽ വാക്‌സിൻ എടുക്കുന്നതിനു തടസമില്ല. കുത്തിവെപ്പിന് ശേഷം രണ്ടു മിനിറ്റു വാക്‌സിൻ എടുത്ത ഭാഗം അമർത്തി പിടിക്കുക. ഡാബിഗട്രാൻ, റിവറോകസ്ബാൻ, അപിക്സബാൻ തുടങ്ങിയ മരുന്ന് കഴിക്കുന്നവർ ഒരു ഡോസ് മരുന്നു വാക്‌സിൻ എടുക്കുന്നതിന്റെ തലേ ദിവസം ഒഴിവാക്കണം, ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ സെക്രട്ടറി ഡോ.വിനോദ് തോമസ് പറഞ്ഞു.

ആസ്പിരിൻ, ക്ളോപിഡോഗ്രൽ, ടിക്കഗ്രെലോർ എന്നീ മരുന്നുകൾ കഴിക്കുന്നവർ അത് തുടർന്ന് കൊണ്ടു തന്നെ കുത്തിവെപ്പ് എടുക്കാവുന്നതാതാണ്.

വ്യക്തികൾക്ക് പൊതുവെയുള്ള അലർജി  ഒഴിച്ചാൽ ഒരു ഹൃദ്രോഗിക്കും കോവിഡ് വാക്‌സിൻ എടുക്കുന്നതിനു പ്രത്യേക തടസ്സമില്ല. കോവിഡ് ഗർഭിണികളിൽ കൂടുതൽ മാരകമാവുന്നത് കൊണ്ട്  എല്ലാ ഗർഭിണികളും കോവിഡ് വാക്‌സിൻ എത്രയും വേഗം സ്വീകരിക്കേണ്ടതാണ്.

വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തു കഴിഞ്ഞതിനു 2-3 ആഴ്ചകൾ കഴിഞ്ഞു മാത്രമേ ശരീരത്തിന് രോഗപ്രതിരോധ ശേഷി ലഭിക്കുകയുള്ളു എന്നതിനാൽ കോവിഡിനെതിരെയുള്ള എല്ലാ പ്രതിരോധ മാർഗങ്ങളും ഒന്നാം ഡോസിന് ശേഷവും തുടരേണ്ടതാണ്. നിലവിലെ വാക്സിനുകൾ നൽകുന്ന പരിരക്ഷയുടെ ദൈർഘ്യം ഈ ഘട്ടത്തിൽ അജ്ഞാതമായതിനാൽ രോഗപ്രതിരോധം മാത്രമാണ് ഒരേയൊരു പോംവഴി. പ്രതിരോധ കുത്തിവയ്പ്പിനുശേഷവും പൊതുജനങ്ങൾ സാമൂഹിക അകലം, മാസ്കുകൾ, കൈ ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം.

എല്ലാ ജനങ്ങൾക്കും വാക്സിനേഷൻ നടത്തുതിനാണ്  പ്രഥമ പരിഗണന. 60-70 ശതമാനം ജനസംഖ്യ പൂർണ്ണമായും വാക്സിനേഷൻ ചെയ്താൽ മാത്രമേ കോവിഡിന്റെ സംക്രമണ ശൃംഖല തകർക്കാൻ കഴിയൂ.

Content Highlights: No worries on Covid vaccination of heart patients says Indian college of cardiology, Health